തിരുവനന്തപുരം: റേഷൻ കാർഡുകളുടെ മസ്റ്ററിങ് നടത്തുന്നതിന് സമയപരിധി ദീർഘിപ്പിച്ചു നൽകുന്നതിന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് ജി.ആർ. അനിൽ നിയമസഭയിൽ കെ.എം. സച്ചിൻ ദേവിനെ രേഖമൂലം അറിയിച്ചു. മഞ്ഞ (അന്ത്യോദയ), പിങ്ക് (മുൻഗണന) കാർഡുകളിൽ ഉൾപ്പെട്ട എല്ലാ ഗുണഭോക്താക്കളും ഇ - കെ.വൈ.സി അപ്ഡേറ്റ് ചെയ്യണം.
2024 സെപ്റ്റംബർ 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിൽ മാത്രമായും, സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും, ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകൾ എന്ന ക്രമത്തിൽ ഘട്ടം ഘട്ടമായി അപ്ഡേഷൻ നടപടികൾ നിർവഹിച്ചിട്ടുണ്ട്.
മസ്റ്ററിങ്ങിനുള്ള സമയപരിധി ഒക്ടോബർ 25 വരെ ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്. കിടപ്പ് രോഗികൾ, ഇ പോസിൽ വിരലടയാളം പതിയാത്തവർ, പത്ത് വയസിൽ താഴെയുള്ള കുട്ടികൾ എന്നിവരെ ആദ്യഘട്ടത്തിൽ നിന്ന് ഒഴിവാക്കി രണ്ടാം ഘട്ടത്തിൽ റേഷൻ വ്യാപാരികളുടെ സഹായത്തോടെ വീടുകളിൽ നേരിട്ടെത്തി മസ്റ്ററിങ് നടത്താനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇ കെ.വൈ.സി അപ്ഡേഷൻ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചു നൽകുന്നതിന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.