ഇ -പോസ് മെഷീൻ വീണ്ടും തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം നിർത്തിവെച്ചു

തിരുവനന്തപുരം: ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍ വിതരണം നിര്‍ത്തിവെച്ചു. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ബില്ലില്‍ പുതിയ അപ്ഡേഷന്‍ വരുത്തുന്നതിനിടെയാണ് ഇ പോസ് പണിമുടക്കിയത്.

കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല. ഏറ്റവും ഒടുവില്‍ റേഷന്‍ ബില്ലില്‍ അപ്ഡേഷന്‍ വരുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മെഷീന്‍ തകരാറിലായത്. വ്യാഴാഴ്ച മുതല്‍ പലയിടങ്ങളിലും റേഷന്‍ വിതരണത്തില്‍ പ്രശ്നം നേരിട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടത്.

റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. മഞ്ഞ, പിങ്ക് നിറത്തിലുള്ള കാര്‍ഡുകള്‍ക്കും നീല, വെള്ള കാര്‍ഡുകള്‍ക്കും പ്രത്യേകം ബില്ലുകള്‍ വേണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നതിനിടെയാണ് ഇ പോസ് വീണ്ടും പണിമുടക്കിയത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മന്ത്രി ജി.ആര്‍. അനില്‍ റേഷന്‍ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. പ്രശ്നം പരിഹരിച്ച ശേഷം ശനിയാഴ്ച മുതല്‍ റേഷന്‍ വിതരണം സാധാരണനിലയിലാകുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Ration distribution has been stopped in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.