തൃശൂർ: റേഷൻകാർഡ് അംഗങ്ങളുടെ ആധാർ 100 ശതമാനം ബന്ധിപ്പിച്ച കേരളത്തിൽ പൊതുവിതരണത്തിൽ പാളിച്ച തുടർച്ചയാവുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പേരിന് പോലും വിതരണം നടത്താനാവാത്ത സാഹചര്യമാണ് സംസ്ഥാനത്താകെ ഉണ്ടായത്. എന്നിട്ടും പൊതുവിതരണ വകുപ്പും സർക്കാറും അനങ്ങാപ്പാറ നയം തുടരുകയാണ്. നാളുകളായി തുടരുന്ന പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇതുവരെ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. സെർവർ പണിമുടക്ക് തുടർച്ചയായതോടെ പുകുതി ജില്ലകൾക്ക് രാവിലെയും വൈകുന്നേരവും നടക്കുന്ന റേഷൻ വിതരണവും പാളി.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത്തിന് ഏറെ ആശ്വാസകരമായ സംവിധാനം ഇത്രമേൽ അവതാളത്തിലായിട്ടും സർക്കാർ നടപടി മുടന്തുകയാണ്. ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത് ഗുണഭോക്താക്കളായ അടിസ്ഥാന വർഗമാണ്. മുഖ്യാഹാരമായ ചോറിന് സൗജന്യ റേഷൻ അരി കിട്ടുന്ന സാഹചര്യമാണ് തടയപ്പെടുന്നത്.ഇ-പോസിൽ ഒരു മിനിറ്റ് കൊണ്ട് മൂന്ന് പ്രക്രിയയാണ് നടക്കേണ്ടത്. ആധാർ, ബയോമെട്രിക്, റേഷൻകാർഡിന്റെയും അംഗങ്ങളുടെയും പരിശോധന എന്നിവയാണ് നടക്കേണ്ടത്. എന്നാലിത് നടക്കാതെ പോകുന്നതാണ് പ്രശ്നം സങ്കീർണമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബി.എസ്.എൻ.എൽ അടക്കം നെറ്റ് പണിമുടക്കിയതായിരുന്നു പ്രശ്നമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം ആധാർ പരിശോധന നടത്തുന്ന മുംബൈയിൽ സ്ഥാപിച്ച സെർവറിൽ മാസാവസാനത്തിൽ അധികപേരെത്തുന്നതും പ്രധാന വിഷയമാണ്. കേരളത്തിൽ തന്നെ സെർവർ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് നൽകിയ കത്തിൽ ഫെബ്രുവരിയിൽ ചർച്ചയാവാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും നടന്നില്ല. മാർച്ച് ആദ്യവാരത്തിൽ ചർച്ച നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടർ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടൊപ്പം 2ജിയിൽ നിന്നും 4ജിയിലേക്ക് സേവനം മാറ്റണമെന്ന റേഷൻ വ്യാപാരികളുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.