തൊടുപുഴ: ദേവികുളം താലൂക്കില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്ന നടപടികള്‍ സ്വീകരിക്കുമ്പോള്‍ പട്ടയ ഉടമയോ ഭൂവുടമയോ ബന്ധപ്പെട്ട രേഖകളുമായി നേരില്‍ ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഇടനിലക്കാരേയോ ഏജന്‍റുമാരേയൊ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
പട്ടയകക്ഷികളും ഭൂവുടമകളും ഇടനിലക്കാരേയോ ഏജന്‍റുമാരേയോ യാതൊരു രേഖകളോ പണമോ ഏല്‍പ്പിക്കാനോ പ്രതിനിധികളായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുവാനോ പാടില്ല. ഏതെങ്കിലും ഭൂവുടമകള്‍ക്ക് ഒഴിവാക്കാനാകാത്ത കാരണത്താല്‍ നേരില്‍ ഹാജരാകവാന്‍ സാധിക്കുന്നില്ലായെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരില്‍ വന്ന് രേഖകള്‍ കൈപ്പറ്റുന്നതും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.
എല്ലാ ഭൂവുടമകളും ഇത്തരം നടപടികളോട് പൂർണമായും സഹകരിക്കണമെന്നും ജില്ല കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. നാലുവര്‍ഷം നീണ്ട പരിശോധനക്കുശേഷമാണ് 530 അനധികൃത പട്ടയങ്ങള്‍ റദ്ദാക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
അതേസമയം, അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാം. 1999ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ. രവീന്ദ്രന്‍ അധികാര പരിധി മറികടന്ന് അനുവദിച്ച 530 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.