കൊണ്ടോട്ടി: പൊതുപ്രവര്‍ത്തകനും കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമി മുന്‍ സെക്രട്ടറിയുമായിരുന്ന റസാഖ് പയമ്പ്രോട്ട് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹത്തോടൊപ്പം ലഭിച്ച ആത്മഹത്യക്കുറിപ്പ് അടക്കമുള്ള രേഖകള്‍ പൊലീസ് പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി നിര്‍ദേശപ്രകാരമാകും തുടരന്വേഷണം പുരോഗമിക്കുക. മരണകാരണം ജനവാസ കേന്ദ്രത്തിലെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രമുയര്ത്തുന്ന മലിനീകരണത്തില്‍ അധികൃത ഇടപെടല്‍ വൈകുന്നതാണെന്ന് അദ്ദേഹം കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട പരാതികളും മറ്റു രേഖകളും സഞ്ചിയിലാക്കി കൈവശം വെച്ച നിലയിലായിരുന്നു റസാഖിന്റെ മൃതദേഹം. ഈ രേഖകളാണ് പൊലീസ് കോടതിയില്‍ ഹാജറാക്കിയത്.
അതേസമയം, ആത്മഹത്യയുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും റസാഖ് മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ വസ്തുത പരിശോധിച്ച് നാട്ടുകാര്‍ക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് വിവിധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. പുളിക്കല്‍ പാണ്ടിയാട്ടുപുറത്ത് പ്ലാസ്റ്റിക് കുപ്പികള്‍ സംഭരിച്ച് ഹൈഡ്രോളിക് മെഷീനിലിട്ട് ഷീറ്റാക്കുന്ന സ്ഥാപനവും ഇരുമ്പ് കസേരകള്‍ നിര്‍മിക്കുന്ന സ്ഥാപനവും കടുത്ത മലിനീകരണമാണ് മേഖലയിലുണ്ടാക്കുന്നതെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു റസാഖിന്റേയും ജ്യേഷ്ഠന് അഹമ്മദ് ബഷീറിന്റേയും നേതൃത്വത്തിലുള്ള പോരാട്ടം. എന്നാല്‍, ഇക്കാര്യത്തില്‍ നിസ്സഹായരാണെന്ന വിശദീകരണമാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടേത്. ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്കിയ സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നല്കാന് പഞ്ചായത്തിന് പരിമിതികളുണ്ടെന്ന് ഭരണസമിതി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.