ട്യൂമര്‍ ബോര്‍ഡ് രൂപവത്കരണം: ആര്‍.സി.സി ഡോക്ടര്‍മാരുടെ പ്രതിഷേധത്തില്‍ അയവ്

തിരുവനന്തപുരം: അര്‍ബുദ ചികിത്സക്ക് ആര്‍.സി.സിയില്‍ മള്‍ട്ടി ഡിസിപ്ളിനറി ട്യൂമര്‍ ബോര്‍ഡ് രൂപവത്കരിച്ചതിലുള്ള ഡോക്ടര്‍മാരുടെ പ്രതിഷേധത്തില്‍ അയവ്. ഇതിനെതിരെ രംഗത്തുവന്ന റേഡിയേഷന്‍ ഓങ്കോളജി ഡോക്ടര്‍മാരുമായി ആര്‍.സി.സി ഡയറക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് അനുരഞ്ജനത്തിന് ധാരണയായത്.

പുതിയ സമ്പ്രദായം റേഡിയേഷന്‍ ഓങ്കോളജി ഡോക്ടര്‍മാരെക്കൂടി ഉള്‍ക്കൊണ്ടേ നടപ്പാക്കൂവെന്ന ഉറപ്പിന്മേലാണ് പ്രതിഷേധക്കാര്‍ നിലപാട് മയപ്പെടുത്തിയത്. പുതിയ മാര്‍ഗനിര്‍ദേശത്തിനെതിരെ ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലായിരുന്നെങ്കിലും രോഗികളെയോ ആര്‍.സി.സിയുടെ പ്രവര്‍ത്തനത്തെയോ ഒരുവിധത്തിലും ബാധിച്ചിരുന്നില്ല.

ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ ബുധനാഴ്ച വിളിച്ച വകുപ്പ് മേധാവികളുടെയും റേഡിയേഷന്‍ ഓങ്കോളജി ഡോക്ടര്‍മാരുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്. പുതിയ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റമുണ്ടാക്കാനാവില്ളെന്ന് വ്യക്തമാക്കിയാണ് ഡയറക്ടര്‍ യോഗം ആരംഭിച്ചത്. റേഡിയേഷന്‍ ഓങ്കോളജിയില്‍ മെഡിക്കല്‍ ഓങ്കോളജിക്കാരെക്കൂടി ഉള്‍പ്പെടുത്തിയത് ഒഴിവാക്കാനാവില്ളെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍, റേഡിയേഷന്‍ ഓങ്കോളജിക്കാര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാകില്ളെന്നും അവരെക്കൂടി ഉള്‍ക്കാള്ളുമെന്നും അദ്ദേഹം അറിയിച്ചു. അതോടെ നിലപാട് പ്രതിഷേധക്കാര്‍ മയപ്പെടുത്തി. അതിന്‍െറ അടിസ്ഥാനത്തില്‍ റേഡിയേഷന്‍ ഓങ്കോളജിക്കാരുടെ യോഗം വൈകാതെ വിളിക്കാനും തീരുമാനിച്ചു.
അന്താരാഷ്ട്ര മാതൃകയില്‍ അര്‍ബുദ ചികിത്സ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ട്യൂമര്‍ ബോര്‍ഡ് രൂപവത്കരിച്ചത്. പുതുതായി ആര്‍.സി.സിയില്‍ വരുന്ന രോഗികളുടെ ചികിത്സ നിശ്ചയിക്കുന്നത് ഈ സമിതി ആയിരിക്കും. നേരത്തേ ഏതെങ്കിലും ഒരു ഡോക്ടര്‍ ആയിരുന്നു ചികിത്സ നിശ്ചയിച്ചിരുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരുത്താനാണ് ബോര്‍ഡിന് രൂപം നല്‍കിയത്. മതിയായ കൂടിയാലോചന ഇല്ലാതെയാണ് നടപടികളില്‍ മാറ്റം വരുത്തിയതെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാരുടെ ആരോപണം. അതിനാണ് ബുധനാഴ്ചത്തെ യോഗത്തോടെ അനുനയം ഉണ്ടായത്.

 

Tags:    
News Summary - rcc doctors strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.