തിരുവനന്തപുരം: ഭൂമി പതിവ് ചട്ടനിയമപ്രകാരം അനുവദിച്ച പട്ടയഭൂമിയില്‍ കര്ഷകന് നട്ടുപിടിപ്പിച്ചതും വളർന്നുവന്നതുമായ മരങ്ങള്‍ മുറിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാൻ ഷെഡ്യൂള്‍ ഒന്നില്‍പെട്ട മരങ്ങളുടെ കാര്യത്തില്‍ പുതിയ ചട്ടഭേദഗതി ശിപാര്‍ശ ചെയ്ത് നിയമവകുപ്പ്. 1964ലെ ഭൂമി പതിവ് ചട്ടമനുസരിച്ച് പട്ടയമനുവദിച്ച ഭൂമിയില്‍ 65 ഇനം മരങ്ങള്‍ കര്ഷകന് റിസർവ് ചെയ്ത് സ്വന്തമാക്കാം. എന്നാല്‍, നാലേക്കര്‍വരെ പട്ടയമായി അനുവദിക്കുന്ന 1993ലെ പട്ടയത്തില്‍ ഇപ്രകാരം മുറിച്ചുമാറ്റാവുന്ന മരങ്ങളുടെ കാര്യത്തില്‍ അവ്യക്തതയുണ്ട്. അതിനിടയിലാണ് 64ലെ പട്ടയമനുസരിച്ചുള്ള ഭൂമിയില്‍ മരം മുറിക്കാന്‍ അനുവദിച്ചുള്ള ഉത്തരവ് വിവാദമായത്.
ഇപ്പോഴത്തെ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുന്നതിനൊപ്പം കൂടുതല്‍ പട്ടയമനുവദിച്ചുവരുന്ന 93ലെ പട്ടയഭൂമിയിലും തടസ്സങ്ങള്‍ നീക്കാനുള്ള പഴുതടച്ച പരിഹാരമാര്‍ഗങ്ങള്‍ തേടാനാണ് സര്‍ക്കാര്‍ നീക്കം. വിവാദങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് വിശദമായ ചട്ടഭേദഗതി നിയമവകുപ്പ് ശിപാര്‍ശ ചെയ്തത്. പഴുതടച്ചുള്ള കരട് ഭേദഗതി ചട്ടങ്ങള്‍ റവന്യൂവകുപ്പ് തയാറാക്കിയശേഷം ഇടതുമുന്നണി ചര്‍ച്ചചെയ്യും. അതിനുശേഷം മന്ത്രിസഭയോഗം കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവുക. 2005ലെ വനേതരപ്രദേശത്തെ വൃക്ഷങ്ങള്‍ െവച്ചുപിടിപ്പിക്കല്‍ നിയമമനുസരിച്ച് കര്ഷകന് നട്ടുപിടിപ്പിച്ച മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള അധികാരം 2007ല്‍ വനേതരപ്രദേശത്ത് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ഇതില്‍ കൂടുതലെന്തെങ്കിലും നിയന്ത്രണങ്ങള്‍ വേണ്ടതുണ്ടോയെന്നതും പരിശോധിക്കും. 64ലെ ഭൂമി പതിവ് ചട്ടങ്ങളില്‍ 2017ല്‍ കൊണ്ടുവന്ന ഭേദഗതിയിലും തേക്ക്, വീട്ടി, ചന്ദനം, കരിമരം (എബണി) എന്നീ നാല് രാജകീയവൃക്ഷങ്ങള് സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കിയിരുന്നു. അതില്‍ റിസർവ് ചെയ്യാവുന്നതും അല്ലാതെ സ്വന്തമാക്കാവുന്നതുമായ മരങ്ങള്‍ 76 ഇനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.