തിരുവനന്തപുരം: തിമിർത്തുപെയ്യുന്ന മഴയിൽ സംസ്ഥാനത്തെ വലിയ അണക്കെട്ടായ ഇടുക്കിയിൽ സീസണിലെ ഏറ്റവും ഉയർന്ന ജലനിരപ്പ്. 33 വർഷത്തിനു ശേഷമാണ് ഇത്രയും ജലനിരപ്പ്. ചൊവ്വാഴ്ച രാവിലെയോടെ 69.41 ശതമാനം നിറഞ്ഞു; 2375.51 അടി. രണ്ടാമത്തെ വലിയ വൈദ്യുതി പദ്ധതിയായ ശബരിഗിരിയിലെ പമ്പ-കക്കി അണക്കെട്ടുകൾ 69 ശതമാനവും നിറഞ്ഞു. മിക്ക ചെറുകിട അണക്കെട്ടുകളും തുറന്നുവിട്ടു. ഇക്കൊല്ലം ജല വൈദ്യുതി കൂടുതൽ ഉൽപാദിപ്പിക്കാം, നിരക്ക് വർധനാ ഭീഷണിക്കിടെ ആശ്വാസവുമാകും.
1985 ജൂലൈ 16നായിരുന്നു ഇൗ സീസണിൽ മുമ്പ് ഉയർന്ന ജലനിരപ്പ്. സീസണിലെ കണക്ക് നോക്കിയാൽ ഇടുക്കി അണക്കെട്ടിെൻറ ചരിത്രത്തിലെ ഉയർന്ന ജലനിരപ്പിലൊന്നാണ് ഇപ്പോഴത്തേതെന്ന് വൈദ്യുതി ജനറേഷൻ വിഭാഗം വ്യക്തമാക്കി. രണ്ടു ദിവസംകൊണ്ട് ജലനിരപ്പ് രണ്ട് മീറ്ററാണ് ഉയർന്നത്. ഞായറാഴ്ച 722.76 മീറ്ററുണ്ടായിരുന്നത് 724.58 മീറ്ററായി; സംഭരണ ശേഷിയുടെ 69.41 ശതമാനം. കഴിഞ്ഞ വർഷം ഇതേ ദിവസം 20.87 ശതമാനമായിരുന്നു വെള്ളം. ഇക്കുറി 49 ശതമാനം അധികം. ഉപഭോഗം കുറഞ്ഞതും ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി മൂലവും മൂലമറ്റത്ത് ഉൽപാദനം കുറച്ചിരിക്കുകയാണ്. ഇതും പെെട്ടന്ന് ജലനിരപ്പ് ഉയരാനിടയാക്കി.
സംഭരണ ശേഷി കുറഞ്ഞ നേര്യമംഗലം, പൊന്മുടി, ലോവർപെരിയാർ, കക്കയം അടക്കമുള്ളവ തുറന്നുവിട്ടു. മറ്റുള്ളവ അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം അണക്കെട്ടുകളിൽ 71 ശതമാനം വെള്ളമുണ്ട്. 4140 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് എല്ലാ അണക്കെട്ടുകൾക്കുമായുള്ളത്. ഇതിൽ 2945.33 ദശലക്ഷം യൂനിറ്റിന് വെള്ളമായിക്കഴിഞ്ഞു. ഒരാഴ്ചയായി വലിയ നീരൊഴുക്കാണ് സംഭരണികളിലേക്ക്. ചൊവ്വാഴ്ച മാത്രം 203.51 ദശലക്ഷം യൂനിറ്റിന് വെള്ളം ഒഴുകിയെത്തി. 10 ദിവസം കൂടി ഇൗ നില തുടരും. ജൂലൈയിൽ 708 ദശലക്ഷം യൂനിറ്റിനേ വെള്ളം പ്രതീക്ഷിച്ചിരുന്നുള്ളൂവെങ്കിലും കിട്ടിയത് 1395.82 ദശലക്ഷം യൂനിറ്റിനുള്ളതാണ്.
ഇടുക്കി തുറന്നത് രണ്ടുതവണ മാത്രം
ഇടുക്കി സംഭരണി നിർമിച്ച ശേഷം രണ്ടുതവണ മാത്രമേ തുറന്നിട്ടുള്ളൂ. 1981 ഒക്ടോബർ 29 മുതൽ നവംബർ 13 വരെയും 1992 ഒക്ടോബർ 12 മുതൽ 23 വരെയും. 26 വർഷമായി അണക്കെട്ട് തുറന്നിട്ടില്ല. 2013 സെപ്റ്റംബറിൽ തുറക്കാൻ ഒരുക്കം നടത്തിയെങ്കിലും ഉൽപാദനം വർധിപ്പിച്ച് ക്രമീരിച്ചു. 2403 അടിയിൽ ജലനിരപ്പ് എത്തിയാൽ അണക്കെട്ട് തുറക്കും (732.43 മീറ്റർ). തുലാവർഷം കൂടി അതിശക്തമാവുകയും ഉൽപാദനം വർധിപ്പിച്ചാലും ജലനിരപ്പ് പിടിച്ചു നിർത്താൻ കഴിയാതെ വരുകയും ചെയ്താൽ ഇക്കുറി അണക്കെട്ട് തുറക്കേണ്ടിവരും. 2190 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇവിടെ സംഭരിക്കാം.
മറ്റ് സംഭരണികളിലെ ജലനിരപ്പ്
പമ്പ-കക്കി -69 ശതമാനം, ഷോളയാർ 75, ഇടമലയാർ 68 കുണ്ടള 41, മാട്ടുപ്പെട്ടി 66, കുറ്റ്യാടി 99, തേര്യാട് 100, ആനയിറങ്കൽ 21, പൊന്മുടി 97, നേര്യമംഗലം 97, പെരിങ്ങൽ 100, ലോവർ പെരിയാർ 100
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.