തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയാകുന്നവർക്കുള്ള നിർദേശങ്ങളുമായി കേരള പൊലീസ്. തട്ടിപ്പിന് ഇരയാകുന്നവർക്ക് ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം.
നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ പ്രവർത്തിക്കുന്നത്. തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 എന്ന ഹെല്പ് ലൈൻ നമ്പറിൽ സംഭവം റിപ്പോർട്ടു ചെയ്യുന്നത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ പ്രധാനകാര്യമാണെന്ന് പൊലീസ് അറിയിച്ചു.
കുറ്റകൃത്യങ്ങൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യുന്നത് നഷ്ടപ്പെട്ട തുക വീണ്ടെടുക്കാൻ പൊലീസിനെ സഹായിക്കും. കുറ്റകൃത്യത്തിലെ തെളിവുകൾ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പ് ശേഖരിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവഴി സാധിക്കും.
ഈ ഹെൽപ് ലൈനിൽ നൽകുന്ന പരാതികൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറും. കേസ് രജിസ്ട്രേഷൻ സംബന്ധിച്ചോ അന്വേഷണം സംബന്ധിച്ചോ വിവരങ്ങൾ അറിയുന്നതിന് പരാതിക്കാരന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുമായോ 1930 എന്ന നമ്പറിലോ ബന്ധപ്പെടാം.
കൂടാതെ ഓൺലൈനിൽ പരാതി സമർപ്പിക്കാൻ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ www.cybercrime.gov.in സന്ദർശിക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.