തൊടുപുഴ: സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ വൻ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് വായ്പകൾ തിരിച്ചുപിടിക്കുന്നതിൽ സഹകരണ വകുപ്പ് പുലർത്തുന്ന ഉദാസീനത. പല പേരുകളിട്ട് വായ്പകൾ നൽകാൻ നിർബന്ധിക്കുന്ന സഹകരണ വകുപ്പിലെ ഉന്നതർ തിരിച്ചടവ് മുടക്കുന്നവരിൽനിന്ന് പണം ഈടാക്കാനുള്ള നടപടിക്രമങ്ങൾക്ക് തടയിടുകയാണ്. പാവങ്ങളെ ദ്രോഹിക്കാതിരിക്കാനെന്ന പേരിൽ നടക്കുന്ന ഈ ഇടപെടലിന്റെ പ്രയോജനം തട്ടിപ്പുകാർ പ്രയോജനപ്പെടുത്തുന്നുമുണ്ട്.
പല ജില്ലകളിലും ഒരു ദശാബ്ദത്തിനിടെ വായ്പ തിരിച്ചുപിടിക്കലിനുള്ള നടപടികൾ നാമമാത്രമായാണ് നടന്നിട്ടുള്ളത്. തിരിച്ചടവ് മൂന്നുമാസം മുടങ്ങിയാൽ താലൂക്ക് അടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസുകളുമായി ബന്ധപ്പെട്ട് അതത് സഹകരണ ബാങ്കുകൾക്ക് നിയമനടപടികൾ ആരംഭിക്കാം.
തിരിച്ചടവ് കാലാവധിക്ക് ശേഷം മൂന്നുവർഷം വരെ നടപടികൾ സ്വീകരിക്കാനാകും. ബാങ്കിന്റെ അപേക്ഷ ലഭിച്ചാൽ ആർബിട്രേഷൻ നടപടികൾക്കായി സഹകരണ വകുപ്പ് ‘സെയിൽ ഓഫിസർ’ എന്ന പേരിൽ ഒരു ഉദ്യോഗസ്ഥനെ വിട്ടുനൽകും. ഈ സേവനം ഉപയോഗിക്കുന്നതിന് പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ സഹകരണ വകുപ്പ് ബാങ്കുകളിൽനിന്നും ഈടാക്കും. രേഖകൾ പരിശോധിക്കുകയും വായ്പയെടുത്തയാളുടെ ഭാഗം കേൾക്കുകയും ചെയ്തശേഷം ഈ ഉദ്യോഗസ്ഥൻ പണം തിരിച്ചുപിടിക്കാനുള്ള അനുമതി നൽകും. ‘അവാർഡ്’ പേരിൽ അറിയപ്പെടുന്ന ഈ അനുമതി നടപ്പാക്കിക്കിട്ടാൻ ബാങ്ക് വീണ്ടും സഹകരണ വകുപ്പിന് അപേക്ഷ നൽകണം. ഇതു പരിഗണിക്കപ്പെട്ടാൽ മാത്രമേ വസ്തുവകകൾ പിടിച്ചെടുത്ത് ലേലം ചെയ്യാനാവൂ. വായ്പയെടുത്തയാൾക്ക് നോട്ടീസ് നൽകി തിരിച്ചടവിന് സമയം നൽകിയിട്ടും പണം തിരിച്ചടക്കുന്നില്ലെങ്കിൽ മാത്രം വസ്തുവകകൾ പിടിച്ചെടുത്ത് ലേലം ചെയ്യുകയാണ് പതിവ്.
വായ്പയെടുത്തയാൾക്ക് സാവകാശം കിട്ടാൻ ഈ നടപടികൾ 12 വർഷം വരെ വൈകിപ്പിക്കാൻ അതത് ബാങ്ക് ഭരണസമിതികൾക്ക് അധികാരമുണ്ട്. സഹകരണ വകുപ്പ് നൽകുന്ന അനുമതി പത്രത്തിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതിയോടെ നഷ്ടം ഈടാക്കാനും ഇപ്പോൾ സാധിക്കും. എന്നാൽ, 10 വർഷത്തിനിടെ സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന നടപടികൾ മാത്രമേ ഇത്തരത്തിലുണ്ടായിട്ടുള്ളൂ.
നിലവിൽ ഏറ്റവും പ്രതിസന്ധി നിലനിൽക്കുന്ന കോട്ടയം ജില്ലയിൽ പ്രത്യേകിച്ച് മീനച്ചിൽ താലൂക്കിൽ ബാങ്കുകളുടെ അപേക്ഷ ‘അവാർഡാ’ക്കുന്നതിനപ്പുറത്തേക്ക് ഒരു നടപടിയിലേക്കും നീങ്ങിയിട്ടില്ല.
ബാങ്കുകൾ വൻ പ്രതിസന്ധിയിലാകാൻ പ്രധാന കാരണവും ഇതുതന്നെ. പ്രശ്നം സങ്കീർണമായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബാങ്കുകൾ സന്ദർശിക്കുകയോ തുടർനടപടികളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ നൽകുകയോ ചെയ്യുന്നില്ലെന്നത് പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.