തൃശൂർ: പി.എസ്.സിക്ക് വിടാത്ത പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനത്തിന് റിക്രൂട്ട്മെൻറ് ബോർഡ് സ്ഥാപിക്കാനുള്ള ബില്ലിന് അന്തിമ രൂപമായെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഈ മാസം തന്നെ നിയമമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി സംബന്ധിച്ച റിപ്പോർട്ട് തയാറാകുകയാണ്. ഏകീകൃത ലീസ് പോളിസി സംബന്ധിച്ച് വിവിധ സംഘടനകളുമായി ചർച്ച നടത്തി അന്തിമരൂപം തയാറാക്കി ഈ മാസംതന്നെ ഇതിെൻറ പ്രഖ്യാപനവും നടത്തും.
പഞ്ചായത്ത് അധീനതയിലെ വ്യവസായ എസ്റ്റേറ്റിന് പുറമെ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് എന്ന ആശയം വ്യവസായികളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവന്നിട്ടുണ്ട്. സ്വകാര്യ വ്യക്തികൾക്കും കൂട്ടായ്മകളും ഇത്തരം എസ്റ്റേറ്റുകൾ ആരംഭിക്കാം. ഏകജാലക സംവിധാനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ അവരോടൊപ്പം പങ്കുചേരും. തെരഞ്ഞെടുത്ത ചെറുകിട ഇടത്തരം വ്യവസായ യൂനിറ്റുകളിലും പൊതുമേഖല യൂനിറ്റുകളിലും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള പുതുതലമുറ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള പദ്ധതി പരിഗണനയിലാണ്.
പൊതുമേഖല സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ അതിവേഗം നികത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറകടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.