തൃശൂർ: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും വിരാമം. സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പിന്റെ പുനഃസംഘടനയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ പുനർവിന്യാസത്തിന് ഒടുവിൽ തുടക്കമായി. 41 ഉന്നത ഉദ്യോഗസ്ഥരുടെ പുനർവിന്യാസ ഉത്തരവ് ബുധനാഴ്ച പുറത്തിറക്കി.
ഉയർന്ന തസ്തികകളായ അഡീഷനൽ കമീഷണർ, ജോയന്റ് കമീഷണർ തസ്തികയിലേക്കാണ് നിയമന ഉത്തരവായത്. രാത്രി വൈകിയാണ് ഉത്തരവ് സർക്കാർ ഇറക്കിയത്. അഡീഷനൽ കമീഷണർ തസ്തികയിൽ നിലവിലുള്ള മൂന്ന് ഉദ്യോഗസ്ഥരെയും ഓഡിറ്റ്, അപ്പീൽ, നികുതിദായക സേവന വിഭാഗങ്ങളിലായാണ് നിയമിച്ചത്.
ഓഡിറ്റ് അപ്പീൽ വിഭാഗങ്ങളിലെ അഡീഷനൽ കമീഷണർമാർ ഇനി എറണാകുളം കേന്ദ്രീകരിച്ച് ആയിരിക്കും പ്രവർത്തിക്കുക. 38 ജോയന്റ് കമീഷണർമാരെയും പുനഃസംഘടനയുടെ ഭാഗമായി മാറ്റി നിയമിച്ചു. നികുതിദായക സേവന വിഭാഗം -15, ഓഡിറ്റ് -ഏഴ്, ഇന്റലിജൻസ് -മൂന്ന്, ലോ, മുഖ്യ കാര്യാലയ ഓഡിറ്റ്, മുഖ്യ കാര്യാലയ നികുതിദായക സേവനത്തിന് ഒന്ന് വീതം, അപ്പീൽ -ആറ്, ഡിപ്പാർട്മെന്റ് മെംബർ ട്രൈബ്യൂണൽ -നാല് എന്നിങ്ങനെയാണ് നിയമനം.
അതേസമയം, തൊട്ടു താഴെ തസ്തികയായ ഡെപ്യൂട്ടി കമീഷണർമാരുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല. ഈ ഉത്തരവും സർക്കാറിൽനിന്നാണ് ഇറങ്ങേണ്ടത്. തുടർന്ന് അസി. കമീഷണർ സ്റ്റേറ്റ് ടാക്സ് ഓഫിസർ, അസി. സ്റ്റേറ്റ് ഓഫിസർ, സീനിയർ ടാക്സ് അസിസ്റ്റന്റ്, ക്ലർക്ക് തുടങ്ങിയവരുടെ സ്ഥലംമാറ്റ ഉത്തരവ് ചരക്ക് സേവന നികുതി കമീഷണർ പുറപ്പെടുവിക്കും.
ജനുവരി 10നു മുമ്പ് പൂർത്തിയാക്കേണ്ട ഈ നടപടിക്രമങ്ങൾ ഏറെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ രണ്ടു ദിവസം പിന്നിട്ടാണ് ഉത്തരവ് ഇറങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്തെ ജി.എസ്.ടി ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനുള്ള അവകാശം സാങ്കേതികമായി നഷ്ടപ്പെട്ടിരുന്നു.
ഒപ്പം ഓഫിസുകളുടെ പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ച മട്ടിലായിരുന്നു. ഇത് ജീവനക്കാരുടെ സാമൂഹിക മാധ്യമ കൂട്ടായ്മകളിൽ സർക്കാറിനെ ഏറെ പരിഹസിക്കുന്ന രീതിയിൽ ചിത്രീകരിച്ചിരുന്നു. ഇനി ഡെപ്യൂട്ടി കമീഷണർ തൊട്ട് താഴേക്കുള്ള തസ്തികകളിലെ പുനർവിന്യാസം കൂടി പൂർത്തീകരിച്ചാലേ ഓഫിസുകളുടെ പ്രവർത്തനം സാധാരണ നിലയിലെത്തൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.