തിരുവനന്തപുരം: വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കാൻ പ്രഖ്യാപിച്ച 'പുനർഗേഹം' പദ്ധതിയുടെ മറവിൽ തീരദേശത്ത് നിർബന്ധിത കുടിെയാഴിപ്പിക്കൽ ഭീഷണി. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ട് മാറിത്താമസിക്കാൻ വിസമ്മതിക്കുന്നവർക്ക് പിന്നീടുണ്ടാകുന്ന കടൽക്ഷോഭത്തിൽ ഭൂമിക്കും വീടിനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് യാതൊരുവിധ ധനസഹായവും നൽകില്ലെന്നും സർക്കാർ വ്യക്തമാക്കി.
2020 ജനുവരി ഒന്നിന് മത്സ്യബന്ധന, തുറമുഖ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് പദ്ധതിയിൽ ഭാഗഭാക്കാകാൻ വിസമ്മതിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഭാവിയിൽ ഒരു നഷ്ടപരിഹാരത്തിനും അർഹതയുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തീരദേശത്തിന് 50 മീറ്റർ പരിധിക്കുള്ളിലുള്ള കുടുംബങ്ങളിൽ താൽപര്യമുള്ളവരെ ഗുണഭോക്താവായി ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടാണ് 2019 ൽ സർക്കാർ 'പുനർഗേഹം' പദ്ധതി അവതരിപ്പിച്ചത്. നിർബന്ധിച്ച് ആരെയും കുടിയൊഴിപ്പിക്കേണ്ടതില്ലെന്നതാണ് നയമെന്നാണ് ഫിഷറീസ് വകുപ്പ് തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്.
മാറിത്താമസിക്കാൻ താൽപര്യമുള്ളവരെ ആദ്യഘട്ടത്തിൽ പരിഗണിക്കുമെന്നും രണ്ടും മൂന്നും ഘട്ടങ്ങളിൽ മറ്റുള്ളവരെ പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു. മത്സ്യത്തൊഴിലാളി വിരുദ്ധമായ വിചിത്ര നിർദേശങ്ങളാണ് മത്സ്യബന്ധനവകുപ്പ് ഉത്തരവിൽ പുറപ്പെടുവിച്ചിരിക്കുന്നത്. തീരദേശത്ത് താമസിക്കുന്നവർക്ക് എത്ര ഭൂമിയുണ്ടെങ്കിലും മാറിത്താമസിക്കുന്നവർക്ക് ഭൂമി വാങ്ങാനും ഭവന നിർമാണത്തിനും പരമാവധി 10 ലക്ഷം രൂപ മാത്രമേ നൽകൂ. ഒഴിയുന്ന ഭൂമിയല്ലാതെ മറ്റെവിടെയെങ്കിലും ഭൂമിയുള്ളവർക്ക് പദ്ധതി ആനുകൂല്യം ലഭിക്കില്ല.
ഭൂമി ഒഴിയാത്തവർക്ക് സർക്കാർ സഹായം ലഭിക്കില്ലെന്ന് പ്രോജക്ട് മോട്ടിവേേട്ടഴ്സ് എന്ന പേരിൽ താൽക്കാലിക ജീവനക്കാരെ അയച്ച് ഭീഷണിപ്പെടുത്തുന്നെന്നും ആക്ഷേപമുണ്ട്. ഗുണഭോക്താക്കൾ നിലവിലുള്ള കെട്ടിടം സ്വന്തം നിലയിൽ പൊളിച്ചുമാറ്റേണ്ടതും ഉപേക്ഷിേക്കണ്ടതുമാണ്. ഭൂമി വാങ്ങൽ, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജ്, എഴുത്തുകൂലി ഉൾപ്പെടെ പരമാവധി ആറ് ലക്ഷം രൂപ നൽകും. വീട് നിർമിക്കാൻ മൂന്ന് ഗഡുക്കളായി നാല് ലക്ഷം രൂപയും നൽകും. ഒന്നാംഘട്ടം ധനസഹായം കൈപ്പറ്റി 12 മാസത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കിയില്ലെങ്കിൽ അനുവദിച്ച ധനസഹായത്തിന് 18 ശതമാനം പലിശ സഹിതം ഗുണഭോക്താവ് തിരിച്ചടക്കണമെന്നും വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.