തിരുവനന്തപുരം: എ.ആർ നഗർ സഹകരണബാങ്കിലെ ക്രമക്കേടിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ.ടി. ജലീലിനെ തള്ളിയത് ലാവ്ലിൻ കേസിൽ കുഞ്ഞാലിക്കുട്ടി നൽകിയ സഹായത്തിനുള്ള പ്രത്യുപകാരത്തിന്‍റെ ഭാഗമായാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലകുട്ടി. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ സ്വാതന്ത്ര്യ പിതാമഹാൻമാർ കെട്ടിപ്പടുത്ത വലിയ പ്രസ്ഥാനത്തേയാണ് പിണറായി ശിക്ഷിച്ചത്. സഹകരണ മേഖല നിങ്ങൾക്ക് മാപ്പ് തരുമെന്ന് തോന്നുന്നില്ലെന്നും അബ്ദുല്ലക്കുട്ടി.
മുങ്ങിക്കൊണ്ടിരിക്കുന്ന കരുവന്നൂർ, എ.ആർ നഗർ സഹകരണ ബാങ്കുകൾക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടിയിലേക്കാണ് സർക്കാർ നീങ്ങുന്നതെങ്കിൽ കൈയുംകെട്ടി നോക്കിനിൽക്കില്ല. ഈ കൂട്ടുകെട്ട് തടയാൻ കേന്ദ്ര സഹകരണ മന്ത്രാലയം കളത്തിലിറങ്ങാൻ അവസരമുണ്ടാക്കരുതെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം എ.ആർ നഗർ സഹകരണബാങ്കിലെ തട്ടിപ്പിൽ ഇ.ഡി അന്വേഷണം വേണമെന്ന് കെ.ടി. ജലീൽ എം.എൽ.എയുടെ നിലപാട് മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ മുസ്ലിം ലീഗ്-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയത്.
ലീഗ്- സി.പി.എം അവിശുദ്ധ ബന്ധം തെളിഞ്ഞു –കെ. സുരേന്ദ്രൻ
കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇ.ഡി അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ലീഗ് - സി.പി.എം അവിശുദ്ധബന്ധത്തിെൻറ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സി.പി.എമ്മിെൻറയും മുഖ്യമന്ത്രിയുടേയും ബന്ധമാണ് ജലീലിനെ വരെ തള്ളിപ്പറയാൻ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് വരാൻപോകുന്ന അവിശുദ്ധ കൂട്ടുകെട്ടിെൻറ പരസ്യമായ വിളംബരമാണ് ഇത്. സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സി.പി.എം ബന്ധം ദൃഢമാകുന്നത്. സി.പി.എം അധീനതയിലുള്ള സഹകരണ ബാങ്കുകളിലെ കള്ളപ്പണത്തിലേക്ക് അന്വേഷണം എത്തുമോയെന്ന ഭയം മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്. എ.ആർ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി. ജലീലിെൻറ പ്രസ്താവന ഗൗരവതരമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.