കൽപറ്റ: ആദിവാസി യുവാവ് ഗോകുലിനെ കൈയിൽ കിട്ടിയാൽ പുറംലോകം കാണിക്കില്ലെന്ന് പൊലീസ് ഭീഷണി മുഴക്കിയെന്ന് ബന്ധുക്കൾ. സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗോകുലിന്റെ ബന്ധുക്കൾ രംഗത്തുവന്നു. പൊലീസ് പലതവണ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഗോകുലിനെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ലെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. ഗോകുലിനോടൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തെന്നും ബന്ധുക്കൾ മാധ്യങ്ങളോട് പറഞ്ഞു. സംഭവത്തിൽ വയനാട് എസ്.പി തപോഷ് ബസുമതാരി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അതേസമയം, ആദിവാസി യുവാവിനെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഗോകുലിന് പ്രായപൂർത്തിയായിരുന്നില്ല. 2007 മെയ് അഞ്ചിനാണ് ഗോകുൽ ജനിച്ചത്. 18 വയസ് തികയാൻ രണ്ട് മാസം ബാക്കിയുണ്ട്. പ്രായം തെളിയിക്കുന്ന സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് രേഖ ബന്ധുക്കൾ പുറത്ത് വിട്ടു.
ഇന്നലെ രാവിലെ ഏഴേ മുക്കാലോടെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ പോയ ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത ഗോകുലിനോട് രാത്രി മുഴുവൻ സ്റ്റേഷനിൽ നിൽക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ 7.45നാണ് കല്‍പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം കാണാതായ അമ്പലവയല്‍ സ്വദേശി ഗോകുൽ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് ആത്മഹത്യ ചെയ്തത്.
ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയിരുന്നു. ഇക്കഴിഞ്ഞ 26-ാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതില്‍ അന്വേഷണം നടക്കുമ്പോള്‍ കോഴിക്കോടുനിന്ന് പെണ്‍കുട്ടിയേയും യുവാവിനെയും പൊലീസ് കണ്ടെത്തി. വയനാട്ടില്‍ എത്തിച്ച പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ് യുവാവിനോട് കല്‍പറ്റ സ്റ്റേഷനില്‍ തന്നെ തുടരാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.