കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ആശ്വാസ വിധി. അയോഗ്യയാണെന്ന ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
അസോ. പ്രഫസർ നിയമനത്തിന് ആവശ്യമായ അധ്യാപന പരിചയം തനിക്കില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രിയ വർഗീസ് നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ
ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
യു.ജി.സിയുടെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവിസ് ഡയറക്ടർ സേവനകാലയളവും അധ്യാപക പരിചയത്തിൽ കണക്കാക്കാനാവില്ലെന്ന സിംഗിൾ ബെഞ്ച് നിരീക്ഷണം വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയുള്ളതാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. യോഗ്യത തീരുമാനിക്കേണ്ടത് വിദഗ്ധ സമിതിയാണെന്ന് പ്രിയ വർഗീസിന്‍റെ അപ്പീലിൽ പറയുന്നു.
താൽകാലിക റാങ്ക് പട്ടികയിൽ ഒന്നാം പേരുകാരിയായ പ്രിയക്ക് യു.ജി.സി ചട്ടം പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മലയാളം അധ്യാപകൻ ഡോ. ജോസഫ് സ‌്കറിയ നൽകിയ ഹരജിയിലാണ് നവംബർ 17ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
അസോ. പ്രഫസർ നിയമനത്തിനുള്ള അധ്യാപന പരിചയമില്ലെന്നാണ് പ്രിയക്കെതിരായ ഹരജിക്കാരന്‍റെ പ്രധാന ആരോപണം. ഗവേഷണ കാലത്തിന് ശേഷമുള്ള അധ്യാപന പരിചയം മൂന്ന് വർഷത്തിൽ താഴെയാണ്. അതിനാൽ ഇവർ ഇന്റർവ്യൂ ഘട്ടത്തിലേക്ക് പോലും അർഹയല്ലെന്ന് ഹരജിക്കാരൻ വാദിച്ചു. റാങ്ക് പട്ടിക തയാറാക്കുന്ന നടപടിക്രമങ്ങളിലെ അപാകതയും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.