എം.വി. ഗോവിന്ദനെതിരായ പരാമർശം: അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ സ്വപ്ന സുരേഷ് ഹാജരാകണം -ഹൈകോടതി

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ പരാമർശത്തിനെതിരെയുള്ള അപകീർത്തിക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് പ്രതി സ്വപ്ന സുരേഷിനോട് ഹൈകോടതി. കേസുമായി ബന്ധപ്പെട്ട് തന്നെ കൊച്ചിയിൽ ചോദ്യംചെയ്യാൻ പൊലീസിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഫയൽ ചെയ്ത ഹരജി തള്ളിയാണ് ഹൈകോടതിയുടെ നിർദേശം. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാകില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.

തനിക്ക് ഭീഷണിയുള്ളതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാൻ തളിപ്പറമ്പിൽ പോകാനാകില്ലെന്നായിരുന്നു സ്വപ്നയുടെ വാദം. ഭീഷണിയുടെ കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. ആവശ്യമായ നടപടി അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. ഇതിനിടെ ഹാജരാകാൻ പറഞ്ഞ ദിവസം കഴിഞ്ഞെന്ന്​ ഹരജിക്കാരി അറിയിച്ചപ്പോൾ, പുതിയ നോട്ടീസ് പുറപ്പെടുവിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യം ഉണ്ടെന്നും അപ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പരാതിയിൽനിന്ന് പിന്മാറാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിജേഷ് പിള്ള വഴി സ്വാധീനിക്കാൻ ശ്രമിച്ചെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണത്തിനെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്വപ്നക്കെതിരെ കേസെടുത്തത്.

Tags:    
News Summary - Remarks against M.V. Govindan: Swapna Suresh must appear if requested by investigating officer - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.