കോട്ടയം: ''നാളെയാണ് ആ ദിവസം. അന്ന് രാവിലെ 11 മുതൽ ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടി. അവിടെനിന്ന് ആറുമാസമെടുത്തു, മനസ്സ് ശരിയായ നിലയിലെത്താൻ. ജീവിതത്തിലാരിക്കലും മറക്കില്ല ആ നാളുകൾ...'' പറയുന്നത് കേരളത്തിൽ കോവിഡ് പരത്തിയെന്ന് ഏറെ പഴികേട്ട, ഇറ്റലിയിൽനിന്നെത്തിയ പത്തനംതിട്ട റാന്നി ഐത്തല സ്വേദശികളുടെ മകളും മരുമകനുമായ കുമരകം ചെങ്ങളം സ്വദേശികളായ ആ ദമ്പതികൾതന്നെ. നാടുമുഴുവൻ കുറ്റവാളികളെപ്പോലെ കണ്ട ആ ദിനങ്ങളുടെ ഞെട്ടൽ ഒരുവർഷം പിന്നിടുേമ്പാഴും റോബിെൻറയും റീനയുടെയും മനസ്സിൽനിന്ന് മായുന്നില്ല.
മാർച്ച് ആറിന് വൈകീട്ടാണ് മാതാപിതാക്കളായ മോൻസിയെയും രമണിയെയും കൊണ്ടുവരാൻ റീനയും റോബിനും മകൾ നാലുവയസ്സുകാരി റിയാനയും വിമാനത്താവളത്തിൽ പോയത്. എട്ടാംതീയതി മോൻസിക്കും രമണിക്കും കോവിഡ് പോസിറ്റിവായെന്നറിഞ്ഞു. ഉടൻ റോബിനെയും റീനയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അന്നുതന്നെ മോൻസിയുടെ മാതാപിതാക്കളായ 93കാരന് തോമസിനെയും 88കാരിയായ മറിയാമ്മയെയും ആശുപത്രിയിലെത്തിച്ചു. പിന്നെ സ്വസ്ഥതയില്ലാത്ത നാളുകളായിരുന്നു റോബിനും റീനക്കും. ആദ്യത്തെ അഞ്ചുദിവസം മുഴുവൻ കരച്ചിലായിരുന്നു. ജീവിതത്തിലിന്നുവരെ അതുപോലെ താൻ കരഞ്ഞിട്ടില്ലെന്ന് റോബിൻ ഓർക്കുന്നു. ഏറെ മാനസികസമ്മർദം അനുഭവിച്ചു.
തങ്ങൾ മനഃപൂർവം മറ്റുള്ളവർക്ക് അസുഖം പരത്തിയെന്നും അവിടെപ്പോയി, ഇവിടെപ്പോയി, 2000 പേർ പങ്കെടുത്ത വിവാഹത്തിന് പോയി എന്നൊക്കെയാണ് പറഞ്ഞുപരത്തിയത്. സമൂഹമാധ്യമങ്ങളിലെ ചീത്തവിളി വേറെ. യു.കെയിൽനിന്നടക്കം വിളിച്ച് പഴിപറഞ്ഞു. ആശുപത്രിയിൽ കൂടെയുള്ള മകൾക്ക് രോഗം വരാതിരുന്നത് മാത്രമായിരുന്നു ആശ്വാസം.
ദുബൈയിലെ ജോലി ഉപേക്ഷിച്ച് റോബിൻ നാട്ടിലെത്തിയത് ഭാര്യക്കും മകൾക്കും ഒപ്പം കഴിയാനായിരുന്നു. ഒരുമിച്ച് ഇറ്റലിയിലേക്ക് പോകാനുള്ള തയാറെടുപ്പിലുമായിരുന്നു. അതിനിടെയാണ് കോവിഡ് എല്ലാം തകർത്തെറിഞ്ഞത്. ഇപ്പോൾ ജോലിയില്ലാതെ വെറുതെയിരിക്കുന്നു. നാട്ടിൽതന്നെ ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും രോഗം ഭേദമായ ആളാണെന്നറിഞ്ഞിട്ടും രണ്ടിടത്തുനിന്ന് നിരാശനായി മടങ്ങേണ്ടിവന്നു. അതോടെ ജോലിതേടൽ നിർത്തി.
ആശുപത്രിയിൽനിന്ന് അസുഖം ഭേദമായി മടങ്ങിയെങ്കിലും കഴിഞ്ഞ ഡിസംബർ 24ന് തോമസ് മരിച്ചത് വേദനയായി അവശേഷിക്കുന്നു. കോവിഡ് ബാധിച്ച്, ഭേദമായ പ്രായംകൂടിയ ദമ്പതിമാരായിരുന്നു ഇവർ. സങ്കടങ്ങൾ മാത്രമല്ല, കോവിഡ് കുറേ നല്ല സൗഹൃദങ്ങളെയും നൽകി റോബിന്. ഒരു പരിചയവുമില്ലാത്തവർപോലും വിളിച്ച് വിവരങ്ങൾ ചോദിച്ചറിയുന്നു. മെഡിക്കൽ കോളജിലെ ഡോക്ടർ ഹരികൃഷ്ണൻ, നഴ്സ് പാപ്പാ ഹെൻട്രി തുടങ്ങി ഒട്ടേറെപേർ ഇടക്കിടെ വിളിച്ച് സ്നേഹാന്വേഷണം നടത്താറുണ്ട്. ''പലയിടത്തും ചെന്നാൽ ഞങ്ങളെ തിരിച്ചറിയാറുണ്ട്. ഇപ്പോൾ എല്ലാവർക്കും നല്ല സ്നേഹമാണ്'' -റോബിനും സന്തോഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.