കേളകം: മണ്ണുമാന്തിയന്ത്രം, ടിപ്പർ തുടങ്ങിയവയുടെ വാടക വർധിപ്പിച്ചു. ഇന്ധന വില വർധനവിനെത്തുടർന്ന് നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വാടക വർധിപ്പിക്കുന്നതെന്ന് കൺസ്ട്രക്ഷൻ എക്യുപ്മെൻറ്സ് ഓണേഴ്സ് അസോസിയേഷൻ (സി.ഇ.ഒ.എ) ഭാരവാഹികൾ കേളകത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മണ്ണുമാന്തിയന്ത്രങ്ങളുടെ വാടക മണിക്കൂറിന് 200 രൂപയും ടിപ്പറിന് 100 രൂപയുമാണ് വർധിപ്പിച്ചത്.
പേരാവൂർ മേഖലയിൽ വർധന തിങ്കളാഴ്ച മുതൽ നിലവിൽ വരും. സംസ്ഥാന വ്യാപകമായി വില വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ജില്ലയിൽ വില വർധിപ്പിക്കുന്നതെന്ന് കൺസ്ട്രക്ഷൻ എക്യുപ്മെൻറ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ജോർജുകുട്ടി വാളുവെട്ടിക്കൽ പറഞ്ഞു.
ജില്ലയിലെ 16 മേഖലകളിൽ 14 ഇടത്തും വിലവർധന നിലവിൽ വന്നു. മറ്റു മേഖലകളിൽ സമ്മേളനത്തിെൻറ ഭാഗമായി വില വർധന പ്രാബല്യത്തിൽ വരും. ഇന്ധന വില വർധിക്കുന്നത് മണ്ണുമാന്തിയന്ത്രങ്ങളുടെയും ടിപ്പറുകളുടെയും പ്രവർത്തന ചെലവ് കാര്യമായി വർധിക്കുന്നതിന് കാരണമായി. പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യന്ത്രവാടക വർധിക്കുന്നതനുസരിച്ച് തൊഴിലാളികളും കൂലി വർധനവെന്ന ആവശ്യമുന്നയിക്കുന്നതിന് സാധ്യതയുണ്ട്. ചെങ്കൽ പണകളിലെ മണ്ണുമാന്തിയന്ത്രം വാടക മണിക്കൂറിന് 1500 രൂപയായി വർധിപ്പിച്ചു.
നേരത്തേ ഇത് 1300 ആയിരുന്നു. മിനിമം ചാർജ് 2500 രൂപയാണ്. ടിപ്പറിന് ദിവസത്തിൽ എട്ടു മണിക്കൂറും ജോലി ചെയ്യുന്നതിന് വാടക 6000 രൂപയാക്കി. ഒരു മണിക്കൂറിന് 700 രൂപയായിരുന്നത് 800 രൂപയാക്കി. മിനിമം ചാർജ് 1500 രൂപയാണ്.
മണ്ണ് നീക്കം ചെയ്യുന്നതിന് 500 രൂപയുമാണ്. ഹിറ്റാച്ചി 70,80, 81 എന്നിവക്ക് 1400 രൂപയുണ്ടായിരുന്ന വാടക 1600 രൂപയാക്കി. കേളകത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ജോർജ്കുട്ടി വാളു വെട്ടിക്കൽ, മേഖല പ്രസിഡൻറ് സ്കറിയ ബാണത്തുംകണ്ടി, ജോ. സെക്രട്ടറി എൻ.കെ. അനീഷ്, ട്രഷറർ ജെയിംസ് കാട്ടുകുന്നേൽ, സെക്രട്ടറി ചിന്നൻ ജെയം കാക്കയങ്ങാട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.