തിരുവനന്തപുരം: ഡി.സി.സി തലംവരെയുള്ള പാർട്ടി പുനഃസംഘടന വൈകുന്നതിൽ കെ.പി.സി.സി നിർവാഹകസമിതി യോഗത്തിൽ വൈകാരികമായി പ്രതികരിച്ച് പ്രസിഡന്റ് കെ. സുധാകരൻ. പുനഃസംഘടന നിങ്ങൾക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട. അത് പൂർത്തീകരിക്കാൻ ദയവുചെയ്ത് സഹകരിക്കണം.
പുനഃസംഘടന കൂടാതെ പാർലമെൻറ് തെരഞ്ഞെടുപ്പിലേക്ക് പോയിട്ട് കാര്യമില്ല. സി.പി.എമ്മും ബി.ജെ.പിയും തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബൂത്ത്തല പ്രവർത്തനം തുടങ്ങി. നമ്മൾ ഇപ്പോഴും പുനഃസംഘടനക്ക് പിന്നാലെയാണ്. ദയവുചെയ്ത് സഹകരിക്കണം -യോഗത്തിൽ കൈകൂപ്പി സുധാകരൻ പറഞ്ഞു.
പുനഃസംഘടന വൈകുന്നതിന് തങ്ങൾ മാത്രമല്ല കാരണം. പല ജില്ലകളും പട്ടിക നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചർച്ചക്കൊടുവിൽ ജില്ലതല പുനഃസംഘടന ലിസ്റ്റ് മൂന്നുദിവസത്തിനുള്ളില്‍ ഡി.സി.സി പ്രസിഡന്റും ജില്ലയുടെ ചാർജുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിയും ചേര്‍ന്ന് കെ.പി.സി.സിക്ക് നല്‍കണമെന്ന് തീരുമാനിച്ചു.
ഇതുവരെ നാല് ജില്ലകളിൽനിന്ന് മാത്രമാണ് കെ.പി.സി.സിക്ക് പട്ടിക കിട്ടിയത്. ജില്ലകളില്‍നിന്ന് ലിസ്റ്റ് ലഭിച്ചാല്‍ പത്ത് ദിവസത്തിനകം ചര്‍ച്ച പൂര്‍ത്തിയാക്കി കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാനതല സമിതിക്കും നിര്‍ദേശം നല്കി. ബ്ലോക്ക്, ഡി.സി.സി പുനഃസംഘടനക്ക് കാത്തിരിക്കാതെ മണ്ഡലം, ബൂത്ത് കമ്മിറ്റികൾ എത്രയുംവേഗം പുനഃസംഘടിപ്പിക്കാൻ ഡി.സി.സി അധ്യക്ഷരെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.