Representational Image

തിരിച്ചടവ് മുടങ്ങി; 40 കോടിയുടെ കെട്ടിടം ഉദ്യോഗസ്ഥർ ഒത്തുകളിച്ച് ഒമ്പത് കോടിക്ക് ലേലം ചെയ്തു, അന്വേഷണം

കോഴിക്കോട്: സർക്കാർ ഏജൻസിയിൽ നിന്ന് വായ്പയെടുത്ത് നിർമിച്ച കെട്ടിടം തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഒത്തുകളിച്ച് തുച്ഛവിലക്ക് ലേലം ചെയ്തതായ പരാതിയിൽ പ്രാഥമികാന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് വായ്പയെടുത്ത് കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപം നിർമിച്ച 40 കോടി വിലമതിക്കുന്ന കെട്ടിടം 9.18 കോടിക്ക് ലേലം ചെയ്തതായാണ് ആരോപണം. കോവിഡ് കാലത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോൾ ഉടമയെ പോലും അറിയിക്കാതെ ഇ-ടെൻഡറിലൂടെ കുറഞ്ഞ വിലക്ക് കെട്ടിടം മറിച്ചുവിറ്റെന്നും ഇതിനായി ഉദ്യോഗസ്ഥർ ഒത്തുകളിച്ചെന്നുമാണ് ആരോപണം.

കെ.എഫ്.സിയിൽ നിന്ന് 2013ൽ 4.89 കോടി രൂപ വായ്പയെടുത്താണ് കെട്ടിട നിർമാണം തുടങ്ങിയത്. 2020 ഫെബ്രുവരി വരെ ഉടമകൾ 2.60 കോടി രൂപ തിരിച്ചടച്ചു. പിന്നീട് തിരിച്ചടവ് മടങ്ങി. പലിശയും പിഴയും ചേർത്ത് 9.56 കോടി ബാധ്യതയായെന്നാണ് കെ.എഫ്.സിയുടെ കണക്ക്. 2020 ഡിസംബറിലാണ് ഇ-ലേലത്തിലൂടെ കെട്ടിടം വിൽക്കാൻ തീരുമാനിക്കുന്നത്. എന്നാൽ ഇക്കാര്യം ഉടമയെ അറിയിച്ചില്ല. മൂന്ന് പത്രങ്ങളിൽ പരസ്യം നൽകി. രണ്ട് പേരാണ് ടെൻഡർ സമർപ്പിച്ചത്. കൂടുതൽ തുക നൽകിയ കൊല്ലം സ്വദേശിക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു.

9.18 കോടി രൂപക്കാണ് ലേലം കൊണ്ടതെങ്കിലും 4.18 കോടിയാണ് വാങ്ങിയവർ അടച്ചത്. ബാക്കി അഞ്ച് കോടി കെ.എഫ്.സി വായ്പയായി നൽകി. അതിനിടെ, ലേലംകൊണ്ടയാൾ ആധാരം രജിസ്റ്റർ ചെയ്യവേ സാക്ഷിയായി മാറി. ലേലത്തിൽ പങ്കെടുത്ത രണ്ടാമന്റെ മകൻ ഉൾപ്പെടെ നാല് പേരുടെ പേരിലാണ് ഭൂമിയും കെട്ടിടവും റജിസ്റ്റർ ചെയ്തത്.

അതേസമയം, നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് ലേലം നടത്തിയതെന്ന് കെ.എഫ്.സി അധികൃതർ വിശദീകരിക്കുന്നു. ലേലംകൊണ്ടയാൾ നിർദേശിച്ച പ്രകാരമാണ് മറ്റ് നാല് പേരുടെ പേരിൽ ഭൂമിയും കെട്ടിടവും റജിസ്റ്റർ ചെയ്തതെന്നും അധികൃതർ പറ‍യുന്നു. 

Tags:    
News Summary - Repayment failed; The Rs 40 crore building was auctioned off by the officials for Rs 9 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.