മൽസ്യബന്ധന മേഖലയിൽ മണ്ണെണ്ണക്ക് പകരമായ ലോ-അരോമാറ്റിക് വൈറ്റ് സ്പിരിറ്റിന്റെ നിയമവിരുദ്ധ കച്ചവടം നിർത്തലാക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട് : മൽസ്യബന്ധന മേഖലയിൽ മണ്ണെണ്ണക്ക് പകരമായ ലോ-അരോമാറ്റിക് വൈറ്റ് സ്പിരിറ്റിന്റെ നിയമവിരുദ്ധ കച്ചവടം നിർത്തലാക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. ഈ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന സിക്ഷാ നടപടി സ്വീകരികരിക്കണെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. ഫിഷറീസ്, സിവിൽ സപ്ലൈസ്, പൊലീസ്, കലക്ടർ എന്നിവർ സംയുക്തമായി നടപടി സ്വീകരിക്കുന്നതിനായി ഭരണ വകുപ്പ് അടിയന്തിര നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ മത്സ്യബന്ധനയാനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ പെർമിറ്റ് വിതരണം നടത്തുന്നത് ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് എന്നീ വകുപ്പുകൾ മൂന്നു വർഷത്തിലൊരിക്കൽ സംയുക്തമായി നടത്തുന്ന ഏകദിനപരിശോധനയുടെ അടിസ്ഥാനത്തിലാണ്. മണ്ണെണ്ണ പെർമിറ്റ് വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിതരണത്തിലെ ക്രമക്കേടുകളുടെ സാധ്യത ഇല്ലാതാക്കുന്നതിനും കൂടുതൽ പരിശോധന ആവശ്യമാണ്. മൂന്നു വർഷം കൂടുമ്പോൾ നടത്തുന്ന ഏകദിനപരിശോധന പ്രതിവർഷം നടത്തുന്നതിന് ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകളും മത്സ്യഫെഡും നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.

മത്സ്യഫെഡിൻറെ ബങ്കുകളിൽ നിന്ന് സ്ഥിരമായി മണ്ണെണ്ണ വാങ്ങാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവരുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണം. അവരിൽ നിന്നും വിശദീകരണം ആവശ്യപ്പെടുകയും വിശദീകരണം തൃപ്തികരമല്ലാത്ത പക്ഷം അവരുടെ മണ്ണെണ്ണ പെർമിറ്റ് റദ്ദാക്കുകയും ചെയ്യണം. ഇക്കാര്യത്തിൽ ഫിഷറീസ് വകുപ്പ് നടപടികൾ എടുക്കണം. സബ്‌സിഡി മണ്ണെണ്ണ വിതരണത്തിന് ഇ-പോസ് മെഷീൻ നിർബന്ധമാക്കണം. ഇത് വഴി സബ്സിഡി മണ്ണെണ്ണ വിതരണം മണ്ണെണ്ണ പെർമിറ്റ് ഉടമകളിലേക്കു മാത്രമായി പരിമിതപ്പെടുത്താനും ഇടനിലക്കാരെ ഒഴിവാക്കാനും കഴിയും. അതിനുള്ള നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ സൊസൈറ്റികൾ ശാക്തീകരിക്കണം. ഇതിലൂടെ മണ്ണെണ്ണ വിതരണത്തിലെ അപാകതകൾ പരിഹരിക്കാം. പെർമിറ്റുമായി വരുന്ന മണ്ണെണ്ണ പെർമിറ്റ് ഉടമകളല്ലാത്തവർക്കും മണ്ണെണ്ണ വിതരണം ചെയ്യൽ, തുക പൂർണമായും അടച്ച് മണ്ണെണ്ണ വാങ്ങേണ്ടുന്ന സാഹചര്യം, വായ്പ ലഭ്യതക്കുള്ള പ്രയാസം, മണ്ണെണ്ണ ബങ്കുകളുടെ എണ്ണക്കുറവു മൂലം മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, മണ്ണെണ്ണ കൂടുതൽ അളവിൽ സ്റ്റോക്ക് ചെയ്യുന്നതിനുള്ള പ്രയാസം തുടങ്ങിയവക്ക് ഒരു പരിധി വരെ മാറ്റമുണ്ടാക്കാം. മത്സ്യബന്ധനത്തിന് പോകാത്തവർക്കും പെർമിറ്റ് ഉടമകളല്ലാത്തവർക്കും മണ്ണെണ്ണ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ശിപാർശ നൽകി.

മണ്ണെണ്ണ പെർമിറ്റ് ഉടമകളുടെ (വള്ളം ഉടമകളുടെ) മത്സ്യബന്ധന പ്രവർത്തനങ്ങൾ സൊസൈറ്റികളുടെ നിരീക്ഷണത്തിലാക്കണം. മണ്ണെണ്ണ വിതരണം വള്ളം ഉടമകളുടെ മത്സ്യബന്ധ പ്രവർത്തനങ്ങൾക്ക് ആനുപാതികമാക്കണം. ഇത് വഴി സബ്‌സിഡി മണ്ണെണ്ണ വിതരണം മത്സ്യബന്ധനത്തിന് പോകുന്ന പെർമിറ്റ് ഉടമകളിലേക്ക് മാത്രമായി പരിമിതപ്പെടുത്താനുമുള്ള നടപടി സ്വീകരിക്കണം. സബ്സിഡി മണ്ണെണ്ണ കൈക്കലാക്കുന്ന ഇടനിലക്കാർക്കെതിരെ കർശന ശിക്ഷാ നടപടി എടുക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി വിതരണം സൊസൈറ്റികൾ വഴിയാക്കണം. സർക്കാർ സബ്‌സിഡി തുക സൊസൈറ്റികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും സൊസൈറ്റികൾ ഈ തുക അംഗങ്ങളായ മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കണം. അതോടൊപ്പം സൊസൈറ്റികൾ ഈ തുക അംഗങ്ങളായ മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ മത്സ്യഫെഡ് കൈക്കൊള്ളണെമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

സൊസൈറ്റി വഴിയുള്ള മണ്ണെണ്ണ വില്പനക്ക് മത്സ്യഫെഡിനെ മോണിറ്ററിങ് ഏജൻസി ആയി നിയോഗിക്കണം. മണ്ണെണ്ണ സുരക്ഷിതമായി സംഭരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കണം. ഈ ശിപാർശയിന്മേൽ സര്ക്കാരിന്റെ നയപരമായ തീരുമാനം വേണ്ടതിനാൽ അതിനനുസൃതമായ നടപടി ബന്ധപ്പെട്ട ഭരണവകുപ്പായ ഫിഷറീസ് വകുപ്പ് സ്വീകരിക്കണം. കൊല്ലം മത്സ്യഫെഡ് ജില്ലാ ഓഫീസിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് എസ്. ദീപ്തി, ഓപ്പറേറ്റർ എസ്. അനിൽകുമാർ, പി.ടി.സ്വീപ്പർ ശ്രീദേവി അമ്മ എന്നിവരുടെ അറേഞ്ച്മെന്റ് നിയമനങ്ങൾ സർക്കാർ ഉത്തരവുകളുടെ ലംഘനമായതിനാൽ നിർത്തലാക്കാനുള്ള നടപടി സ്വീകരിക്കണെന്നും ശിപാർശ ചെയ്തു. 

Tags:    
News Summary - Report calls for curbing illegal trade in low-aromatic white spirit for kerosene in fisheries sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.