കോഴിക്കോട് : നിർദേശങ്ങളും ഉത്തരവുകളും പാലിക്കാതെ സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്തവർ പിഴ അടക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. കാസർകോട് ജില്ലയിൽ ഉദ്യോഗസ്ഥർ സർക്കാർ വാഹനങ്ങൾ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുവെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ച പരാതിയിന്മേലാണ് ധനകാര്യ വിഭാഗം മിന്നൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
കാസർകോട് വാട്ടർ അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ ഓഫിസിലെ ബൊലേറോ ജീപ്പ് രാവിലെ 8.55ന് നീലേശ്വരത്തിന് അടുത്ത് പടന്നക്കാട് വെച്ച് പിടിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ
നിർദേശങ്ങൾ പാലിക്കാതെ ദുരുപയോഗം ചെയ്യപ്പെട്ടതായി പരിശോധനാ സ്ക്വാഡ് കണ്ടെത്തി. 2021 ഡിസംബർ മാസം ചെലവായ ഇന്ധനത്തിന്റെ 50ശതമാനം തുകയായ 8,973 രൂപ പിഴ ഇനത്തിൽ നൽകണമെന്നാണ് ശിപാർശ. വാഹന ദുരുപയോഗം കണ്ടെത്തിയ സമയത്തെ കൺട്രോളിങ് ഓഫീസറായ വാട്ടർ അതോറിറ്റി, കാഞ്ഞങ്ങാട് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോവിന്ദൻ നമ്പൂതിരിയിൽ നിന്നാണ് പിഴ ഈടാക്കേണ്ടത്.
തുക അടച്ച വിവരം ധനകാര്യവകുപ്പിനെ അറിയിക്കണം. ഈ ഉദ്യോഗസ്ഥനെതിരെ ഉചിതമായ അച്ചടക്ക നടപടിയും ഭരണ വകുപ്പ് സ്വീകരിക്കണമെന്നും ശിപാർശയുണ്ട. വാഹന പരിശോധനാ വേളയിൽ ഈ വാഹനത്തിൽ ഉണ്ടായിരുന്ന കെ. രഘുനാഥൻ (ഡ്രൈവർ), 2015 മുതൽ ഈ വാഹനം കൈകാര്യം ചെയ്തിരുന്ന റെന്നി ഫിലിപ്പ് (ഡ്രൈവർ) എന്നിവർക്കെതിരെയും ഭരണവകുപ്പ് ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കണം. ബൊലേറോ ജീപ്പിന്റെ മൈലേജ് പരിശോധന 2018 നുശേഷം നടത്തിയിട്ടില്ലെന്നും ഇത് ഉടൻ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. പ
വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള എല്ലാ വാഹനങ്ങളുടെയും മൈലേജ് പരിശോധന സമയ ബന്ധിതമായി നടത്തുവാനുള്ള നിർദേശം ഭരണ വകുപ്പ് നൽകണം. ഓരോ വാഹനവും നിർത്തിയിടേണ്ട സ്ഥലം നിശ്ചയിച്ച് വാഹനത്തിന്റെ നിയന്ത്രണോദ്യോഗസ്ഥൻ ഉത്തരവ് പുറപ്പെടുവിക്കണം. അവയുടെ സുരക്ഷക്കുള്ള ഏർപ്പാടുകൾ ചെയ്യണമെന്നും റിപ്പോട്ടിൽ നിർദേശിച്ചു.
ഔദ്യോഗിക വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാൻ അനുവദിച്ചിട്ടുള്ള പാർക്കിങ് സ്ഥലത്ത് ഗാരേജിൽ തന്നെ വാഹനങ്ങൾ പാർക്കുചെയ്യുന്നുണ്ടെന്ന് നിയന്ത്രണോദ്യോഗസ്ഥൻ ഉറപ്പുവരുത്തണം. 2003ലെ ഇത് സംബന്ധിച്ച് ഉത്തരവ് പാലിക്കണം. കാഞ്ഞങ്ങാട് വാട്ടർ അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ ഓഫീസിലെ വാഹനങ്ങളുടെ നിയന്ത്രണ അധികാരി സർക്കാർ ഉത്തരവുകളിലെ നിർദേശങ്ങൾ പാലിക്കുന്നതിന് ഭരണവകുപ്പ് നിർദേശം നൽകണം.
സംസ്ഥാനത്ത് ഉപയോഗിച്ചുവരുന്ന സർക്കാർ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുവാൻ ധനകാര്യ ഐ.ടി വിഭാഗം രൂപകൽപ്പന ചെയ്ത 'വീൽസ്' (വെഹിക്കിൾ മാനേജ്മെന്റ് ആൻഡ് ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം) സോഫ്റ്റ് വെയറിലെ ഡാറ്റാ അപ്ഡേഷൻ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കാഞ്ഞങ്ങാട് വാട്ടർ അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ ഓഫീസിലെ വാഹനങ്ങളുടെ കൺട്രോളിങ് ഓഫിസർക്ക് അടിയന്തര നിർദേശം നൽകണം.
ജലസേചനവകുപ്പിന്റെ കീഴിലുള്ള വാട്ടർ അതോറിറ്റിയുടേതടക്കമുള്ള വാഹനങ്ങൾക്ക് മാസത്തിൽ ഇന്ധന സീലിങ് ബാധകമാക്കുന്നതിന് വേണ്ട ഉചിതമായ നടപടികൾ ഭരണവകുപ്പ് അടിയന്തിരമായി കൈക്കൊള്ളമെന്നും ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.