റൂറൽ ഡെവലപ്പ്മെന്റ് കമീഷണറേറ്റിൽ നിഷ്ക്രീയമായി അവശേഷിക്കുന്ന 67.23 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട് : റൂറൽ ഡെവലപ്പ്മെന്റ് കമീഷണറേറ്റിൽ നിലനിർത്തിയിരിക്കുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിഷ്ക്രീയമായി അവശേഷിക്കുന്ന 67,23,527 രൂപ തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. തുക സർക്കാർ ഖജനാവിലേക്ക് തിരിച്ചടക്കുന്നതിനുള്ള നടപടി ഭരണ വകുപ്പ് സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

റൂറൽ ഡെവലപ്പ്മെന്റ് കമീഷണറേറ്റിൽ വിവിധ കേന്ദ്രപദ്ധതികൾ, സംസ്ഥാന പദ്ധതികൾ, കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതികൾ എന്നിവയുടെ നടത്തിപ്പുൾപ്പടെയുള്ള ആവശ്യങ്ങൾക്കായി കമീഷണറുടെ പേരിൽ 14 ബാങ്ക് അക്കൗണ്ടുകളും മൂന്ന് ട്രഷറി അക്കൗണ്ടുകളുമുണ്ട്. ഈ അക്കൗണ്ടുകളുടെ വിശദമായ പരിശോധനയിൽ സർക്കാർ ഖജനാവിൽ നിന്നും ലഭിച്ചിട്ടുള്ള കഴിഞ്ഞ കാലങ്ങളിലെ പദ്ധതി വിഹിതം, ഉദ്ദേശ്യം തിരിച്ചറിയാനാവാത്ത അക്കൗണ്ടുകളിലെ തുകകൾ, പ്രസക്തി ഇല്ലാത്ത നിഷേപങ്ങൾ, പലിശ ഇനത്തിലുള്ള തുകകൾ എന്നിവ വിവിധ അക്കൗണ്ടുകളിൽ നിലനിർത്തിയിരിക്കുന്നതായി കണ്ടെത്തി.

റൂറൽ ഡെവലപ്പ്മെന്റ് കമീഷണറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ നന്തൻകോട് ബ്രാഞ്ചിലെ അക്കൗണ്ടിൽ സംസ്ഥാന വിഹിതം ഉൾപ്പടെ മിച്ചമുള്ള തുകയായ 5,26,01,122 രൂപയും പലിശ ഇനത്തിലുള്ള 54,48,714 രൂപയും പരിശോധനയിൽ കണ്ടെത്തി. കമീഷണറുടെ പേരിൽ പി.എം.എ.വൈ.(എസ്.സി) പദ്ധതിയുടെ നടത്തിപ്പിനായി കാനറ ബാങ്ക്. പട്ടം ബ്രാഞ്ചിൽ ആരംഭിച്ചിട്ടുള്ള അക്കൗണ്ടിൽ സംസ്ഥാന വിഹിതമായ തുകയായ 17,11,95,566 രൂപയുടെ പലിശ ഇനത്തിൽ 2,60,723 രൂപ നിഷ്ക്രിയമാണെന്ന് പരിശോധനയിൽ കണ്ടെത്തി. തുക അടിയന്തിരമായി തിരികെ അടക്കുന്നതിനുള്ള നടപടി ഭരണ വകുപ്പ് സ്വീകരിക്കണം.

കമീഷണറുടെ പേരിൽ ഡി.ആർ.ഡി.എ അഡ്മിനിസ്റ്ററേഷൻ (ഓൾഡ്) തിരുവനന്തപുര ജില്ലാ ട്രഷറിയിലെ അക്കൗണ്ടിൽ 10,00,000 രൂപ നിഷ്ക്രിയമായി കിടക്കുന്നതായി പരിശോധനയിൽ വ്യക്തമായി. കമീഷണറുടെ പേരിൽ റിക്കവറി അക്കൗണ്ടായി ജില്ലാ ട്രഷറിയിൽ 14,090 രൂപ അധികമായി കിടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഈ തുകയും അടിയന്തിരമായി സർക്കാർ ഖജനാവിൽ തിരികെ അടക്കുന്നതിനുള്ള നടപടി ഭരണ വകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. 

Tags:    
News Summary - Report: Rs 67.23 lakh remaining idle in Rural Development Commissionerate to be refunded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.