തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശം. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും പങ്കെടുക്കുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാനിറ്റൈസേഷൻ, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് നിർദേശിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തിൽ രാവിലെ ഒമ്പതിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടേയും എൻ.സി.സിയുടേയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്നു റിപ്പബ്ലിക് ദിന സന്ദേശം നൽകും. വായു സേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും.
സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ക്ഷണിക്കപ്പെട്ടവരുടെ എണ്ണം നൂറിൽ കൂടരുതെന്നു സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ രാവിലെ ഒമ്പതിനു ശേഷം നടക്കുന്ന ചടങ്ങിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും. പരമാവധി അമ്പതു പേരെ മാത്രമേ ഈ ചടങ്ങുകളിൽ പങ്കെടുപ്പിക്കാവൂ.
സബ് ഡിവിഷനൽ, ബ്ലോക്ക് തലത്തിൽ നടക്കുന്ന പരിപാടിയിലും ക്ഷണിതാക്കളുടെ എണ്ണം 50ൽ കൂടാൻ പാടില്ല. പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലത്തിലെ പരിപാടിക്ക് 25 പേരിൽ കൂടുതൽ അധികരിക്കാൻ പാടില്ലെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
സർക്കാർ സ്ഥാപനങ്ങളിലും മറ്റ് ഓഫിസുകളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുമ്പോഴും 25 പേരിൽ അധികരിക്കരുത്. കോവിഡ് കണക്കിലെടുത്ത് ആഘോഷ പരിപാടികളിൽ പൊതുജനങ്ങൾ, കുട്ടികൾ, മുതിർന്ന പൗരൻമാർ എന്നിവർക്കു പ്രവേശനമുണ്ടാകില്ല. പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ തെർമൽ സ്‌കാനിങ് സൗകര്യം ഏർപ്പെടുത്തണം.
ആഘോഷ പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച ദേശീയ പതാകയുടെ നിർമാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതായും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.