പാലക്കാട്: ഉരുൾപൊട്ടി ഉള്ളുപൊട്ടിയ വയനാട്ടിലേക്ക് രക്ഷാപ്രവർത്തനത്തിനായി ചുരം കയറുമ്പോൾ വിജയന്റെ മനസ്സ് നിറയെ ശൂന്യതയായിരുന്നു. ഉരുളിന്റെ ഭീകരതയെക്കുറിച്ച് പുറത്ത് വന്നുകൊണ്ടിരുന്ന വിവരങ്ങൾ അത്രക്കും ഉള്ളുലക്കുന്നതായിരുന്നു. ഉരുളിൽ നാമാവശേഷമായ മുണ്ടക്കൈയിൽ എത്തിയപ്പോഴാണ് അതിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് മനസ്സിലായത്. ജില്ലയിൽനിന്ന് വയനാട്ടിലേക്ക് പോയ പാലക്കാട് ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് സംഘത്തിലെ ഡിവിഷനൽ വാർഡനാണ് മണ്ണൂർ സ്വദേശി കെ.വി. വിജയൻ (57). രണ്ട് സ്ത്രീകൾ ഉൾപ്പെടെ 43 അംഗ സംഘമാണ് ആദ്യഘട്ടത്തിൽ വയനാട്ടിലേക്ക് പോയത്. മുന്നൂറോളം വീടുകളുണ്ടായിരുന്ന പ്രദേശത്ത് വലിയ പാറക്കല്ലുകളും അടിഞ്ഞുകൂടിയ മണ്ണും തകർന്നുതരിപ്പണമായ കെട്ടിടാവശിഷ്ടങ്ങളും മാത്രം.
മൂന്ന് മൃതദേഹങ്ങളാണ് വിജയന്റെ സംഘം കണ്ടെടുത്തത്. ഇതിനുപുറമേ ശരീരഭാഗങ്ങളും മണ്ണിനടിയിൽനിന്നും കിട്ടി. ഏറെ ദുഃഖകരമായ കാഴ്ചയാണ് അവിടെ കണ്ടതെന്ന് വിജയൻ ഓർക്കുന്നു. വീട്ടുകാരെ അന്വേഷിച്ചുനടക്കുന്ന അരുമമൃഗങ്ങളായ പൂച്ചകളും നായ്ക്കളും തീരാനോവായി മനസ്സിൽ തങ്ങിനിൽക്കുന്നു. അവക്കുള്ള ഭക്ഷണവും സംഘം നൽകി. മൊബൈൽ എൻജിനീയറായ വിജയൻ നാലു വർഷമായി സിവിൽ ഡിഫൻസിൽ പ്രവർത്തിക്കുന്നു. ഇതിനുമുൻപ് ബ്രഹ്മപുരം അപകടം, കഞ്ചിക്കോട് മാലിന്യ പ്ലാന്റ് തീപിടിത്തം എന്നിവയിലെല്ലാം രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ മനസ്സ് മരവിപ്പിക്കുന്ന അനുഭവം ആദ്യമാണ്. ഓഫിസിൽനിന്നുള്ള അറിയിപ്പ് ലഭിച്ചയുടൻ സംഘാംഗങ്ങളുമായി വയനാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. അഞ്ചുദിവസങ്ങൾക്ക് ശേഷം ഞായറാഴ്ച തിരികെയെത്തി.
പാലക്കാട്ടുനിന്നുള്ള രണ്ടാമത്തെ ബാച്ച് ഞായറാഴ്ച വയനാട്ടിലേക്ക് പോയി. ഇതിൽ 15 പേരാണുള്ളത്. ഉരുളിന്റെ ഭീകരതക്കിടയിലും ആളൊഴിഞ്ഞ വീടുകളിൽ കൊള്ളയടിക്കുന്ന സംഘങ്ങളും ദുരന്തപ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ അറിയിച്ചതായി വിജയൻ പറഞ്ഞു. വലിയ തകർച്ചകൾ സംഭവിച്ചിട്ടില്ലാത്ത വീടുകളിൽനിന്നും സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തകരെന്ന വ്യാജേനയാണ് ഇവർ പലയിടത്തും കയറി ചെല്ലുന്നതെന്നും സർക്കാറിന്റെ രക്ഷാപ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡുള്ളത് നാട്ടുകാരെ ബോധിപ്പിച്ചിട്ടുണ്ടെന്നും വിജയൻ പറഞ്ഞു. പാലക്കാട് മങ്കരയിൽനിന്നും വിനോദസഞ്ചാരത്തിനായി മുണ്ടക്കൈയിൽ ചിലർ പോയെന്ന് പ്രചരിപ്പിക്കുന്നത് നുണയാണെന്നും അത്തരത്തിൽ ആർക്കും ഇപ്പോൾ അവിടേക്ക് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.