കണ്ണൂർ: കണ്ണൂർ സർവകലാശാല ജ്യോഗ്രഫി ജനറൽ വിഭാഗം അസി. പ്രഫസർ നിയമന നടപടി കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ സംവരണ വിഭാഗത്തിലും ക്രമക്കേട് ആരോപണം. ഇൻറർവ്യൂ ബോർഡിൽ വിഷയ വിദഗ്ധനായെത്തിയ ന്യൂഡൽഹി ജെ.എൻ.യുവിലെ അധ്യാപകന്റെ സഹപ്രവർത്തകനായ കരാർ അധ്യാപകനാണ് പട്ടികജാതി സംവരണ വിഭാഗത്തിൽ നിയമനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഡോ. കെ. സുമേഷ്, ഡോ. പി.പി. ജിൻസി, ഡോ. കെ.പി. ഷിമോദ്, ഡോ. ശരത് ചന്ദ്രൻ, ഡോ. എസ്. സുരേഷ്, ഡോ. എസ്. രവീന്ദ്രൻ, ബാലകൃഷ്ണൻ പത്മാവതി എന്നിവരാണ് റിസർവേഷൻ തസ്തികയിൽ അഭിമുഖത്തിന് ഹാജരായത്. ഇവരിൽ ജെ.എൻ.യു കരാർ അധ്യാപകനായ പിഎച്ച്.ഡി ഇല്ലാത്ത ബാലകൃഷ്ണൻ പത്മാവതിക്കാണ് ഒന്നാം റാങ്ക് നൽകിയത്.
മുൻ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ദിവസമാണ് വിവാദമായ ജ്യോഗ്രഫി അസിസ്റ്റന്റ് പ്രഫസർ അഭിമുഖം നടത്തിയത്. കൂടിക്കാഴ്ചക്ക് എത്തിയവരിൽ പിഎച്ച്.ഡി ഇല്ലാത്ത ഒരേ ഒരാൾ കൂടിയാണ് നിയമനത്തിന് തെരഞ്ഞെടുക്കപ്പെട്ടയാളെന്ന് കെ.പി.സി.ടി.എ ആരോപിച്ചു.
ഒന്നാം റാങ്ക് ജനറൽ മെറിറ്റിൽ നേടിയ ഉദ്യോഗാർഥിയുടെ ഗവേഷണ ഗൈഡ് അഭിമുഖ പാനലിൽ ഉൾപ്പെട്ടത് നേരത്തേതന്നെ വിവാദമായിരുന്നു.
തുടർന്ന് നിയമനം ഹൈകോടതി തടഞ്ഞിരിക്കുമ്പോഴാണ് പിഎച്ച്.ഡിയുള്ള ആറ് ഉദ്യോഗാർഥികളെ ഒഴിവാക്കി പട്ടികജാതി സംവരണ തസ്തികയിലേക്ക് പിഎച്ച്.ഡി ഇല്ലാത്ത ഒരാളിന് ഒന്നാം റാങ്ക് നൽകിയ തീരുമാനം പുറത്തായത്.
ജനറൽ ഒഴിവിന്റെ റാങ്ക് പട്ടികയിൽ മൂന്ന് പേരുടെ പാനൽ അംഗീകരിച്ചപ്പോൾ സംവരണ റാങ്ക് പട്ടികയിൽ ഒരു പേര് മാത്രം ഉൾപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. സ്വജനപക്ഷപാതത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും സംവരണ തസ്തികയിലെ നിയമനവും കോടതിയിൽ ചോദ്യം ചെയ്യുമെന്നും കെ.പി.സി.ടി.എ കണ്ണൂർ മേഖല പ്രസിഡന്റ് ഡോ. ഷിനോ പി. ജോസ് അറിയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, സംസ്ഥാന വനിത സെൽ കൺവീനർ ഡോ. പി. പ്രജിത, മേഖല സെക്രട്ടറി ഇ.എസ്. ലത, ലൈസൻ ഓഫിസർ ഡോ. വി. പ്രകാശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.