കോഴിക്കോട്: വിവിധ സാമൂഹിക വിഭാഗങ്ങളോടുള്ള വിവേചനം തുടരുന്നിടത്തോളം സംവരണവും തുടരണമെന്ന് മുൻ യു.ജി.സി ചെയർമാനും ജെ.എൻ.യു പ്രഫസറുമായ സുഖദോ തൊറാട്ട് അഭിപ്രായപ്പെട്ടു. പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംഘടിപ്പിച്ച റിസർവേഷൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സംവരണം ശരിയായ രീതിയല്ല. കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ പോലും സംവരണ നയമുണ്ട്. പൊതുമേഖലയിൽ മാത്രമല്ല സ്വകാര്യ വിദ്യാഭ്യാസ, ഉദ്യോഗ മേഖലകളിലും സംവരണം സ്ഥാപിച്ചെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും സംവരണത്തെ അഭിസംബോധന ചെയ്യാനുള്ള ധൈര്യമില്ലെന്നും നിലവിലെ സാഹചര്യം മറികടക്കാൻ ഓൾ ഇന്ത്യ കാസ്റ്റ് മൂവ്മെന്‍റ് കൊണ്ടുമാത്രമെ സാധ്യമാവുകയുള്ളൂവെന്നും മുഖ്യപ്രഭാഷണം നിർവഹിച്ച മുൻമന്ത്രി നീലലോഹിതദാസൻ നാടാർ അഭിപ്രായപ്പെട്ടു.
അവകാശം, ആത്മാഭിമാനം, സാമൂഹികനീതി എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കി 'ന്യായമായ പങ്കാളിത്തവും പ്രാതിനിധ്യവും' എന്ന തലക്കെട്ടിലാണ് റിസർവേഷൻ സമ്മിറ്റ് നടക്കുന്നത്. സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കേരള വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ, വുമൺ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ്, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതി ദാസ് പറവൂർ, അസറ്റ് ചെയർമാൻ കെ. ബിലാൽ ബാബു എന്നിവർ സംസാരിച്ചു. സമ്മിറ്റ് ഡയറക്ടർ കെ.കെ. അഷ്റഫ് സ്വാഗതവും ഫ്രറ്റേണിറ്റി മൂവ്മെൻറ് കേരള സെക്രട്ടറി പി.എച്ച്. ലത്തീഫ് നന്ദിയും പറഞ്ഞു. 'സംവരണവും മാധ്യമങ്ങളും: ഭാവുകത്വ പരിണാമങ്ങൾ', 'കോടതികളും സംവരണവും: നിയമം, നീതി', 'സംവരണത്തിന്‍റെ കേരളീയ പരിസരം: സാമൂഹിക പ്രതിരോധവും പ്രതിസന്ധികളും', 'സംവരണവും ജാതിയുടെ രാഷ്ട്രീയവും: ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മാറുന്ന ഘടന', 'മണ്ഡലാനന്തര കാമ്പസുകൾ: വിജ്ഞാനം, രാഷ്ട്രീയം, പ്രതിനിധാനം' സെമിനാറുകൾ നടന്നു. ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.