തിരുവനന്തപുരം: ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിൽ ഞായറാഴ്ച പതിവ് തിരക്കുകളില്ലായിരുന്നു. ക്രിസ്മസ് കേക്കുമായി കുടുംബസമേതമാണ് മന്ത്രി ആന്റണി രാജു മുഖ്യമന്ത്രിയെ കാണാൻ ക്ലിഫ് ഹൗസിലേക്കിറങ്ങിയത്. കേക്കിനൊപ്പം കൈയിൽ ഒരു കവറും.
മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട നിർണായക ഇടതുമുന്നണി യോഗം നടക്കുന്ന ദിവസമായതിനാൽ രാവിലെതന്നെ മാധ്യമപ്രവർത്തകർ ഇവിടെ എത്തിയിരുന്നു. ഔദ്യോഗിക വാഹനത്തിൽ കയറാൻ ഒരുങ്ങവെ ‘കൈയിലുള്ളത് രാജിക്കത്താണോ?’ എന്ന് ചോദ്യമുയർന്നപ്പോൾ ‘ക്ലിഫ് ഹൗസ് നടയിൽ കാണാ’മെന്നായി മറുപടി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തിരികെയെത്തുമ്പോൾ കൈയിൽ ആ കവറുണ്ടായിരുന്നില്ല.
ഔദ്യോഗിക വാഹനത്തിനു പകരം തിരികെ പോകാൻ കയറിയത് സ്വകാര്യ കാറിൽ. ഇതോടെ കാര്യങ്ങൾ ഉറപ്പായി. നേരത്തേ പറഞ്ഞപോലെ മാധ്യമപ്രവർത്തകരെ കാണാനും സമയം കണ്ടെത്തി.
ധാരണ അനുസരിച്ച് നവംബര്‍ 19നുതന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നെന്നും നവകേരള സദസ്സ് ഉള്‍പ്പെടെ പരിപാടികള്‍ നടക്കുന്നതിനാലായിരിക്കാം മന്ത്രിസ്ഥാനത്ത് തുടരാനാണ് മുഖ്യമന്ത്രിയും മുന്നണിയും ആവശ്യപ്പെട്ടതെന്നും ആന്റണി രാജു പറഞ്ഞു.
‘‘ശനിയാഴ്ച നവകേരള സദസ്സ് സമാപിച്ച ശേഷം മുഖ്യമന്ത്രിയെ കണ്ട് രാജി സമര്‍പ്പിക്കണം എന്ന് കരുതിയിരുന്നതാണ്. എന്നാല്‍, ഞായറാഴ്ചയാണ് സമയം നല്‍കിയത്. സന്തോഷത്തോടെയാണ് പടിയിറക്കം.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒരു രൂപ പോലും കുടിശ്ശികയില്ല. ജീവനക്കാർക്കുള്ള നവംബർ മാസത്തെ ശമ്പളം പൂർണാമായി കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. ഉയർന്നു വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസ്സിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും’’ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.