തിരുവനന്തപുരം: വിവാദമായ ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെ കോൺഗ്രസ് നേതാവും വടക്കാഞ്ചേരി മുൻ എം.എൽ.എയുമായ അനിൽ അക്കരയെ അഭിനന്ദിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എസ് ശബരിനാഥൻ. ലൈഫ് മിഷന്‍റെ അഴിമതിക്കഥകൾ പുറത്തു കൊണ്ടുവന്നതിൽ അനിൽ അക്കര നേരിടേണ്ടിവന്ന വെല്ലുവിളികൾ ചെറുതല്ലെന്ന് ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
സമൂഹ മാധ്യമങ്ങളിലും പുറത്തും വ്യക്തിപരമായ അധിക്ഷേപവും ഭീഷണിപ്പെടുത്തലും വർധിച്ചപ്പോഴും തളരാതെ അഴിമതി കേസുമായി അനിൽ മുന്നോട്ടുപോയി. ശിവശങ്കറെ അറസ്റ്റ് ചെയ്തെന്ന വാർത്ത കാണുമ്പോൾ അനിൽ അക്കര എന്ന മനുഷ്യനോടുള്ള ബഹുമാനം വർധിക്കുകയാണെന്നും ശബരിനാഥൻ വ്യക്തമാക്കി.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്നത് അനിൽ അക്കരയാണ്. അതിന്റെ പേരിൽ അദ്ദേഹം നേരിടേണ്ടിവന്ന വെല്ലുവിളികൾ ചെറുതല്ല. പാവങ്ങളുടെ വീട് മുടക്കാൻ നോക്കി എന്ന ക്യാമ്പയിൻ ആയിരുന്നു പ്രധാനം. സോഷ്യൽ മീഡിയയിലും പുറത്തും വ്യക്തിപരമായ അധിക്ഷേപവും ഭീഷണിപ്പെടുത്തലും വർധിച്ചപ്പോഴും തളരാതെ ലൈഫ് അഴിമതി കേസുമായി അദ്ദേഹം മുന്നോട്ടുപോയി. ഇപ്പോഴത്തെ വാർത്തകൾ കാണുമ്പോൾ അനിൽ അക്കര എന്ന മനുഷ്യനോടുള്ള ബഹുമാനം വർധിക്കുകയാണ്. അഭിവാദ്യങ്ങൾ
നിർധനർക്കുള്ള ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ കരാറുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന ആദ്യ ആരോപണം ഉന്നയിച്ചത് വടക്കാഞ്ചേരി എം.എൽ.എയായിരുന്ന അനിൽ അക്കരെയാണ്. ആരോപണം ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വവും രൂക്ഷ വിമർശനമാണ് അനിലിനെതിരെ നടത്തിയത്.
പാവങ്ങളുടെ വീട് മുടക്കാൻ അനിൽ അക്കരെ നോക്കിയെന്ന വ്യാപക പ്രചാരണമാണ് അന്ന് സമൂഹ മാധ്യമങ്ങളിൽ നടന്നത്. തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ അനിൽ അക്കര പരാജയപ്പെടുകയും ചെയ്തു.
ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ കരാർ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കോഴ കൈപ്പറ്റിയെന്ന് കേസ്. സ്വപ്നയുടെ ലേക്കറിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയ പണം ശിവശങ്കർ കൈക്കൂലിയായി കൈപ്പറ്റിയ തുകയെന്നായിരുന്നു കോഴക്കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി.
ജനുവരി 23ന് ഇ.ഡിക്ക് മുമ്പാകെ ഹാജരാകാനെത്തിയ സ്വപ്ന സുരേഷ്, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മൂന്ന് മില്യൻ ദിർഹത്തിന്‍റെ ഇടപാടാണ് നടന്നത്. ലൈഫ് മിഷൻ കോഴക്കേസിലും സ്വർണക്കടത്ത് കേസിലും ഉണ്ടായിരുന്ന മുഴുവൻ പ്രതികളെയും പുറത്തു കൊണ്ടുവരണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
ലൈഫ് മിഷന്‍റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണ് യു.എ.ഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി രൂപ കെട്ടിട നിർമാണത്തിന് വിനിയോഗിച്ചപ്പോൾ ബാക്കി തുക ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കോഴയായി വിതരണം ചെയ്തെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.