തൊടുപുഴ: ഇടുക്കി പുല്ലുപാറക്ക് സമീപമുണ്ടായ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിന് കാരണം, വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണെന്ന് യാത്രക്കാരിയായ ശാന്ത. തഞ്ചാവൂരിൽനിന്ന് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ബ്രേക്ക് പോയെന്ന് ഡ്രൈവർ വിളിച്ച് പറയുന്നുണ്ടായിരുന്നു. പെട്ടെന്ന് ബസ് കുലുങ്ങി, പിന്നാലെ താഴേക്ക് മറിഞ്ഞു. പിന്നീട് എന്താണ് ഉണ്ടായതെന്ന് ഓർമയില്ല. അവധിക്ക് നാട്ടിലെത്തിയവർ ഉൾപ്പെടെ ബസിൽ ഉണ്ടായിരുന്നുവെന്നും മുമ്പും ഇതേ ബസിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
“ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായത്. ബ്രേക്ക് പോയെന്ന് ഡ്രൈവർ വിളിച്ച് പറയുന്നുണ്ടായിരുന്നു. പെട്ടെന്ന് ബസ് കുലുങ്ങി, പിന്നാലെ താഴേക്ക് മറിഞ്ഞു. പിന്നീട് എന്താണ് ഉണ്ടായതെന്ന് ഓർമയില്ല. മരത്തിൽ തട്ടി നിന്നത് കൊണ്ടാണ് അപകടത്തിന്റെ ആഴം കൂടാത്തത്. ബസിൽ ഉണ്ടായിരുന്ന എല്ലാവരും മാവേലിക്കര സ്വദേശികളാണ്. അവധിക്ക് നാട്ടിലെത്തിയവർ ഉൾപ്പെടെ ബസിൽ ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി നടത്തുന്ന ഉല്ലാസ യാത്രയാണിത്. മുമ്പും ഇതേ ബസിൽ യാത്ര ചെയ്തിട്ടുണ്ട്” -ശാന്ത പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. മാവേലിക്കര സ്വദേശികളായ അരുൺ ഹരി (40), രമ മോഹൻ (51), സംഗീത് (45), ബിന്ദു നാരായണൻ (59) എന്നിവരാണ് മരിച്ചത്. 34 യാത്രക്കാരും മൂന്ന് ജീവനക്കാരും ബസിലുണ്ടായിരുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹൈവേ പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
വിനോദയാത്രാ സംഘത്തിന്റെ മടക്കയാത്രയിലാണ് ബസ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച പുലർച്ചയാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെ അഞ്ചിന് മാവേലിക്കര ഡിപ്പോയിൽ തിരിച്ച് എത്തേണ്ടതായിരുന്നു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. നിയന്ത്രണംവിട്ട ബസ് 20 അടിയോളം താഴ്ചയിലേക്ക് പോയി. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ 23 പേരാണ് ചികിത്സയിലുള്ളത്. കൈകാലുകൾക്കും തലക്കും ഉൾപ്പെടെ പരിക്കേറ്റവർ ഇക്കൂട്ടത്തിലുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ എൻഫോഴ്സ്മെന്‍റ് ജോയിന്‍റ് ട്രാൻസ്പോർട്ട് കമീഷണർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.