കൽപറ്റ: ചെങ്കുത്തായ ഗൂഡലായിക്കുന്നിൽ സ്ഥിതിചെയ്യുന്ന ആ പൊതുശ്മശാനത്തിലേക്ക് ചേതനയറ്റ നാല് ശരീരങ്ങളുമായാണ് ആംബുലൻസ് കടന്നുവന്നത്. സാധാരണ മരണാനന്തര ചടങ്ങുകളിൽ കാണാറുള്ള നിലവിളികളോ അടക്കംപറച്ചിലുകളോ അവിടെ ഉണ്ടായിരുന്നില്ല. എല്ലാവരുടെയും മുഖത്ത് എന്തെന്നില്ലാത്ത നിസ്സഹായാവസ്ഥയും നിർവികാരതയും മാത്രം. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാൻ കഴിയാത്ത നാലുപേർക്കുള്ള അന്ത്യ യാത്രയായിരുന്നു അത്.
കൽപറ്റ നഗരസഭ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ചേർന്ന് മൃതദേഹങ്ങൾ സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റി. മുന്നിൽ കിടക്കുന്നവരുടെ പേരോ ഊരോ അറിയില്ലെങ്കിലും അവിടെ കൂടിയവരുടെ കണ്ണുകളിൽ നനവ് പടർന്നു. മാനവമതത്തിന്റെ ആ നാല് അനുയായികളെ സർവമത പ്രാർഥനയോടെ അവർ അവസാന യാത്രയാക്കി.
ഹൈന്ദവ, ഇസ്ലാം, ക്രൈസ്തവ മത നേതാക്കളെല്ലാം അവരുടെ ആചാരപ്രകാരം അന്ത്യശുശ്രൂഷ നൽകി. വലിയൊരു ദുരന്തത്തിന്റെ പേരിനൊപ്പം ക്രമനമ്പറും കൊത്തിവെച്ച കല്ലിന് താഴെയുള്ള ആറടി മണ്ണിൽ അവർ ഉണരാത്ത നിദ്രയിലാണ്ടു.
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാത്ത ആറുപേരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച സംസ്കരിച്ചത്. നാലെണ്ണം കൽപറ്റ നഗരസഭ പൊതുശ്മശാനത്തിലും രണ്ടെണ്ണം വൈത്തിരി പഞ്ചായത്ത് പൊതുശ്മശാനത്തിലുമാണ് അടക്കം ചെയ്തത്. വെള്ളിയാഴ്ച കൽപറ്റ ശ്മശാനത്തിൽ സംസ്കരിച്ച മൂന്നുപേരുടേതടക്കം ഇതുവരെ ഒമ്പത് തിരിച്ചറിയാത്ത മൃതദേഹങ്ങളാണ് സംസ്കരിച്ചത്.
ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയാറാക്കിയ മാർഗനിർദേശപ്രകാരമാണ് സംസ്കാരം നടന്നത്. കൽപറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിലാണ് സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.