എൽ.ഡി.എഫ് ഭരണത്തെ ജനം വെറുത്തതിന്‍റെ തെളിവാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ. സുധാകരന്‍ എം.പി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എൽ.ഡി.എഫ് ദുര്‍ഭരണത്തിനെതിരെയും ശക്തമായ രോഷം സമൂഹത്തിന്‍റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.

മുഖ്യമന്ത്രിയേയും എൽ.ഡി.എഫിനേയും ജനം വെറുത്തു. സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫില്‍ നിന്ന് ഒമ്പത് വാര്‍ഡുകള്‍ യു.ഡി.എഫ് പിടിച്ചെടുത്ത് പതിനേഴ് വാര്‍ഡുകളില്‍ തിളക്കമാര്‍ന്ന വിജയം നേടി ജനപിന്തുണ വര്‍ധിപ്പിച്ചു. തൃശ്ശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂര്‍, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളില്‍ എൽ.ഡി.എഫില്‍ നിന്ന് ഭരണം പിടിച്ചെടുക്കാനായത് യു.ഡി.എഫ് വിജയത്തിന്റെ മാറ്റുകൂട്ടി. വയനാട് ലോക്‌സഭ മണ്ഡലത്തിലേയും പാലക്കാട് നിയമസഭ മണ്ഡലത്തിലെയും ഉജ്വല വിജയത്തിനും ചേലക്കരയിലെ മികച്ച പ്രകടനത്തിനും ശേഷം യു.ഡി.എഫിന്റെ കരുത്തും ജനപിന്തുണയും എല്‍.ഡി.എഫിനും ബി.ജെ.പിക്കും കാട്ടിക്കൊടുത്ത ഉപതെരഞ്ഞെടുപ്പ് ഫലമാണ് തദ്ദേശ വാര്‍ഡുകളിലേതെന്നും കെ. സുധാകരന്‍ പറഞ്ഞു.

എൽ.ഡി.എഫ് സര്‍ക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേല്‍ ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ച് ഷോക്കടിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരായ ജനവിധി കൂടിയാണിത്. ഈ ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും യു.ഡി.എഫിനും ശക്തമായി മുന്നോട്ടുപോകാനുള്ള കരുത്ത് നല്‍കുന്നതാണെന്നും കെ. സുധാകരന്‍ പറഞ്ഞു. 

Tags:    
News Summary - result of the local by-elections is proof that the people hated the LDF administration K Sudhakaran M.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.