കൊച്ചി: സ്ഥലംമാറ്റത്തിന് ഓൺലൈൻ സംവിധാനം നടപ്പാക്കാൻ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ആറു വർഷം കഴിഞ്ഞിട്ടും നടപ്പാക്കാതെ റവന്യൂ വകുപ്പ്. മറ്റെല്ലാ വകുപ്പുകളിലും സ്ഥലംമാറ്റത്തിന് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം (എച്ച്.ആർ.എം.എസ്) സോഫ്റ്റ്വെയർ നടപ്പാക്കിയിട്ടും റവന്യൂ വകുപ്പിൽ ജില്ലതലത്തിൽ സംവിധാനം കൊണ്ടുവരാത്തത് ഭരണകക്ഷി യൂനിയനുകളുടെ സമ്മർദത്തിന് വഴങ്ങിയാണെന്നാണ് ആരോപണം. ഓൺലൈൻ സംവിധാനത്തിന് പുറത്തായതിനാൽ ജില്ലതലത്തിലുള്ള സ്ഥലംമാറ്റങ്ങളിൽ വൻ അഴിമതി നടക്കുന്നതായും പറയുന്നു.
ഓൺലൈൻ സ്ഥലംമാറ്റത്തിന് എച്ച്.ആർ.എം.എസ് നടപ്പാക്കാൻ പൊതുഭരണ വകുപ്പ് 2017ലാണ് പൊതുമാനദണ്ഡങ്ങൾ പുറപ്പെടുവിച്ചത്. 2020ൽ മാനദണ്ഡങ്ങൾക്ക് റവന്യൂ വകുപ്പും രൂപം നൽകി. എന്നാൽ, സംസ്ഥാനതലത്തിൽ ഏറക്കുറെ നടപ്പാക്കിയെങ്കിലും ക്ലർക്ക്, എൽ.ഡി ടൈപിസ്റ്റ്, ഓഫിസ് അറ്റൻഡന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികകൾക്ക് സംവിധാനം ബാധകമാക്കിയില്ല. ജില്ലാടിസ്ഥാനത്തിൽ എച്ച്.ആർ.എം.എസ് വഴി സ്ഥലംമാറ്റം നടപ്പാക്കുന്നത് പരിഗണനയിൽ ഇല്ലെന്നാണ് മാർച്ചിൽ റവന്യൂ മന്ത്രി ഇതുസംബന്ധിച്ച ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടി.
ജില്ലതല സ്ഥലംമാറ്റങ്ങൾ ഭരണകക്ഷി യൂനിയനുകളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് നടത്തുന്നതിനാണ് ഇത് വഴിയൊരുക്കിയത്. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ തോന്നുംപോലെ മാറ്റാനും തങ്ങൾക്ക് കൂടി ഗുണം കിട്ടുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരെ താൽപര്യമുള്ള സ്ഥലങ്ങളിൽ നിയമിക്കാനും കഴിയുന്ന സാഹചര്യവും ഇതിലൂടെ സംജാതമായി. ജീവനക്കാർക്ക് ജോലി ചെയ്യാൻ താൽപര്യമുള്ള സ്ഥലങ്ങൾ ഓപ്ഷൻ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാൻ എച്ച്.ആർ.എം.എസ് നൽകുന്ന സൗകര്യം ഇതിലൂടെ നഷ്ടമായി.
ഓൺലൈൻ സംവിധാനം വഴിയാകുമ്പോൾ സ്റ്റേഷൻ സീനിയോരിറ്റി, മുമ്പ് ജോലി ചെയ്ത ഓഫിസ് തുടങ്ങിയ ഘടകങ്ങൾ മാനദണ്ഡമാക്കി അർഹരായ ജീവനക്കാർക്ക് തങ്ങൾ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം നേടാൻ കഴിയും.
എല്ലാ വകുപ്പിലെ ജീവനക്കാർക്കും എച്ച്.ആർ.എം.എസ് മാനദണ്ഡങ്ങൾ ബാധകമാക്കണമെന്ന പൊതുഭരണ വകുപ്പ് നിർദേശം അട്ടിമറിക്കപ്പെട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിട്ടില്ല.
ഒരു ഓഫിസിൽ മൂന്ന് വർഷം തികച്ചവരെ മുമ്പ് ജോലി ചെയ്യാത്ത ഓഫിസുകളിലേക്ക് മാറ്റണമെന്നും അഞ്ചു വർഷം കഴിഞ്ഞവരെ നിർബന്ധമായും സ്റ്റേഷൻ മാറ്റണമെന്ന നിർദേശവും റവന്യൂ വകുപ്പിൽ മാത്രം ജില്ലതലത്തിൽ ഇതുവരെ നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.