തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി ഗള്‍ഫിലേക്ക് വിദേശ കറന്‍സി കടത്തിയെന്ന് സംശയം. യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെയും ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഗണ്‍മാന്‍ ജയഘേഷ്, ഡ്രൈവർ സിദ്ദിഖ് എന്നിവരെ കൊച്ചി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. നയതന്ത്ര ബാഗേജ് വഴി ഡോളർ കടത്തിയതിനെക്കുറിച്ച് ഇവർക്ക് അറിവുണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ഗൾഫിലേക്ക് കറൻസി കടത്തിയ വലയത്തിൽ പല പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. വിദേശ പൗരന്മാരെയും ഡോളർ കടത്താൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. ലോക്ക് ഡൗൺ കാലത്താണ് വിദേശ പൗരന്മാരെ ഉപയോഗിച്ച് പണം കടത്തിയത്. 100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്‌സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
ഡോളർ കടത്ത് കേസില്‍ ശിവശങ്കറിനേയും സ്വപ്നയേയും സരിതിനേയും കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് സ്വപ്ന പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോള്‍ യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെയും ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. മുമ്പും ഇവരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.