കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമന വിവാദത്തിൽ ഹൈകോടതി വിധി അംഗീകരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രിയയുടെ യോഗ്യത സംബന്ധിച്ച് യു.ജി.സിയോട് നേരത്തെ വ്യക്തത തേടിയിരുന്നു. എന്നാൽ, ഇതുവരെ മറുപടി കിട്ടിയില്ല. മറുപടി കൃത്യസമയത്ത് കിട്ടിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും സംഭവിക്കുമായിരുന്നില്ല. യു.ജി.സി നിർദേശിച്ച എല്ലാ കാര്യങ്ങളും ചെയ്തിട്ടാണ് സർവകലാശാല ഇതുവരെ മുന്നോട്ടുപോയത്. കോടതി വിധിപ്പകർപ്പ് കിട്ടിയാലേ കൂടുതൽ വ്യക്തത വരുകയുള്ളൂ. അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള എല്ലാ അപേക്ഷകളും ഒരിക്കൽകൂടി സ്ക്രീൻ ചെയ്യാനാണ് കോടതി നിർദേശം. ചുരുക്കപ്പട്ടികയിലെ മൂന്നു പേരുടെയും യോഗ്യത വീണ്ടും പരിശോധിക്കും. റാങ്ക് പട്ടിക പുനഃപരിശോധിക്കാനാണ് ഹൈകോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് പട്ടിക പുനഃക്രമീകരിക്കും.
ഡെപ്യൂട്ടേഷൻ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇത് എല്ലാ സർവകലാശാലകളിലെയും നിരവധി അധ്യാപകരെ ബാധിക്കുന്ന കാര്യമാണ്. ഡെപ്യൂട്ടേഷനെടുത്ത് റിസർച്ച് ചെയ്യാൻ പോവുന്ന നിരവധി പേരുണ്ട്. അവർക്കെല്ലാം ഇനി ഈ വിധി ബാധകമാവും. പ്രിൻസിപ്പൽ സ്ഥാനത്തേക്ക് പുതിയ യു.ജി.സി മാർഗനിർദേശപ്രകാരം അപേക്ഷിക്കുമ്പോൾ പല അധ്യാപകർക്കും ഈ വിധി തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രിയയോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ കിട്ടിയാൽ കോടതി ഉത്തരവനുസരിച്ച് വീണ്ടും പരിശോധിക്കും. ഇനി അഭിമുഖമുണ്ടാവില്ല. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാൽ സ്വാഭാവികമായും രണ്ടാം റാങ്കുകാരനെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.