തിരുവനന്തപുരം: വാക്സിനെടുക്കാൻ അർഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ ആദ്യ ഡോസ് എടുത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലകളിലെ വാക്സിനേഷൻ നില അടിസ്ഥാനമാക്കി മാർഗനിർദേശവും പുറപ്പെടുവിച്ചു.
സമൂഹത്തിലെ രോഗവ്യാപനത്തിന്‍റെ കൃത്യമായ അളവ് അറിയാൻ കൂടുതൽ പേരെ പരിശോധിക്കും. സെന്‍റിനൽ, റാൻഡം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും പരിശോധനകൾ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തും. എല്ലാ ജില്ലകളിലും റാൻഡം സാമ്പിളുകൾ എടുത്ത് രോഗബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
80 ശതമാനത്തിന് മുകളിൽ ആദ്യ ഡോസ് വാക്സിൻ എടുത്ത ജില്ലകളിൽ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ഇവിടങ്ങളിൽ സെന്‍റിനൽ സർവയലൻസിന്‍റെ ഭാഗമായി ആന്‍റിജൻ പരിശോധനയും നടത്തുന്നതാണ്.
കടകൾ, മാളുകൾ, ഓഫിസുകൾ, സ്ഥാപനങ്ങൾ, ട്രാൻസിറ്റ് സൈറ്റുകൾ തുടങ്ങിയ ഉയർന്ന സാമൂഹിക സമ്പർക്കമുള്ള ആളുകൾക്കിടയിലാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ രോഗത്തിന്‍റെ സ്ഥിതി വിലയിരുത്താനുള്ള റാൻഡം പരിശോധനക്കും ആന്‍റിജൻ മതിയാകും.
80 ശതമാനത്തിന് മുകളിൽ ആദ്യ ഡോസ് വാക്സിൻ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. 80 ശതമാനത്തിന് താഴെ ആദ്യ ഡോസ് വാക്സിൻ നൽകിയ തദ്ദേശ സ്ഥാപന പ്രദേശങ്ങളിൽ പഴയ രീതി തുടരും.
രണ്ട് ഡോസ് വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കിൽ റാൻഡം പരിശോധനയിൽനിന്നും ഒഴിവാക്കും. രണ്ട് മാസത്തിനകം രോഗം സ്ഥിരീകരിച്ചവരെയും ഒഴിവാക്കുന്നതാണ്.
ശേഖരിക്കുന്ന സാമ്പിളുകൾ കാലതാമസം കൂടാതെ ലാബുകളിലയച്ച് പരിശോധിച്ച് ഫലങ്ങൾ എത്രയും വേഗം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതിന് വിരുദ്ധമായി ചെയ്യുന്ന ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആന്‍റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.