കോട്ടയം: അരി വില വർധനക്ക് പിന്നാലെ സംസ്ഥാനത്ത് ഉള്ളിക്കും തീവില. പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും വില വീണ്ടും വർധിച്ചു. വിവിധ ഇനങ്ങൾക്ക് അഞ്ചു മുതൽ 20 രൂപവരെയാണ് ഒറ്റയടിക്ക് വർധിച്ചത്. ചെറിയ ഉള്ളിക്ക് പൊതുവിപണിയിൽ വില കിലോക്ക് 120 രൂപയായി. പലവ്യഞ്ജനങ്ങൾക്ക് 10 മുതൽ 30 ശതമാനംവരെയാണ് വർധന. രണ്ടാഴ്ച മുമ്പുവരെ കടുത്ത വരൾച്ചയെ തുടർന്നുണ്ടായ വൻ കൃഷി നാശമായിരുന്നു വില വർധനക്ക് കാരണമെങ്കിൽ ഇപ്പോൾ മഴയും കർഷകസമരങ്ങളെയും പഴിചാരിയാണ് ഒറ്റയടിക്ക് നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടുള്ളത്. മേയിൽ ഉള്ളിവില 100രൂപയിൽ എത്തിയിരുന്നു. പിന്നീട് വില കുറഞ്ഞ് 90രൂപ വരെയെത്തി. രണ്ടുദിവസം കൊണ്ടാണ് വില കുതിച്ചുയർന്ന് 120ലെത്തിയത്. അതേസമയം, കേരളത്തിലേക്ക് ഉള്ളി വരുന്ന സംസ്ഥാനങ്ങളിലൊന്നും ഇപ്പോഴും കാര്യമായ വർധന ഇല്ലെന്നാണ് റിപ്പോർട്ട്.
സവാളക്കും വില വർധിക്കുകയാണ്. 16ൽനിന്ന് 24 -25 രൂപയായി. വിവിധ ഇനം അരിക്ക് വില 50-52 രൂപവരെയായി ഉയർന്നു. മൂന്നു മുതൽ അഞ്ചു രൂപവരെയാണ് വർധന. കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ജയ-സുരേഖ അരിക്ക് നാലു മുതൽ ആറുരൂപവരെ വർധിച്ചപ്പോൾ മട്ടയടക്കമുള്ള ചില ഇനങ്ങൾക്ക് വില ഇനിയും ഉയരുമെന്ന മുന്നറിയിപ്പാണ് വ്യാപാരികൾ നൽകുന്നത്. ജയക്ക് 38 രൂപയിൽനിന്ന് 42 ആയപ്പോൾ സുരേഖ 35ൽനിന്ന് 38-40 രൂപയായി. മധ്യകേരളത്തിൽ കൂടുതൽ ഉപയോഗിക്കുന്ന മികച്ചയിനം കുത്തരി 50-52 രൂപക്കാണ് ഇപ്പോൾ വിൽപന. കേരളത്തിൽ വിൽക്കപ്പെടുന്ന ബ്രാൻഡഡ് അരിക്കും വില കുതിക്കുകയാണ്. 50ന് മുകളിലാണ് വില. ആന്ധ്ര-കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള അരിക്കും വില വർധിച്ചു. സർക്കാറിെൻറ വിപണി ഇടപെടൽ പരാജയപ്പെട്ടതും സൈപ്ലകോ അടക്കം സർക്കാർ ഏജൻസികൾ ബൾക് പൾച്ചേസ് കാര്യമായി നടത്താത്തതും വില വർധനക്ക് കാരണമായിട്ടുണ്ട്.
സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധിയും വില ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നു. റേഷൻ പ്രതിസന്ധിയും വില വർധനക്ക് ഇടയാക്കിയിട്ടുണ്ട്. സപ്ലൈകോ ഒൗട്ട്ലറ്റുകളിൽ അരിയടക്കം അവശ്യസാധനങ്ങൾക്ക് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. പല സാധനങ്ങളും കിട്ടാത്ത സ്ഥിതിയുമുണ്ട്. പയർ-പരിപ്പ് വർഗങ്ങൾക്കും നേരിയ വർധനയുണ്ട്. റമദാനിൽ ഏറ്റവും വിൽപനയുള്ള ചെറുനാരങ്ങക്ക് 80 രൂപയാണ് ഇപ്പോഴത്തെ വില. ബീൻസ്-പയർ വർഗങ്ങൾക്കും വർധനയുണ്ട്. അമ്പതിന് മുകളിലാണ് വില. കാരറ്റിന് 120 രൂപയായി. ബീറ്റ്റൂട്ട്-കിഴങ്ങുവർഗങ്ങൾക്കും നേരിയ വർധനയുണ്ട്. മഴ ശക്തമായാൽ പച്ചക്കറി വില വീണ്ടും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. ഇറച്ചി വിലയും കുതിക്കുകയാണ്. തമിഴ്നാട്ടിൽനിന്നുള്ള കാലി-പച്ചക്കറി വരവും കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.