തൃശൂർ: മുളങ്കുന്നത്തുകാവ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ഗോഡൗണിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് കീറച്ചാക്കിൽ.
ഇതുമൂലം വലിയ തോതിൽ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമാവുകയാണ്. 100 ക്വിൻറൽ അരി ഒരു ട്രക്കിൽ കയറ്റി എൻ.എഫ്.എസ്.എ ഗോഡൗണിലേക്ക് എത്തിയാൽ ചുരുങ്ങിയത് 150 കിലോ അരി ട്രക്കിൽനിന്ന് അടിച്ചുവാരി എടുക്കേണ്ട ഗതികേടാണുള്ളത്. മുളങ്കുന്നത്തുകാവ് ഗോഡൗണിൽനിന്ന് വിതരണം നടത്തുന്ന ചാക്കുകളിൽ 80 ശതമാനത്തിൽ അധികവും കീറിപ്പറിഞ്ഞ നിലയിലാണുള്ളത്. അത്രമേൽ പഴകിയതും കീറിയതുമായ ചാക്കുകളിലാണ് എഫ്.സി.ഐ ഇപ്പോഴും അരിയടക്കം റേഷൻ വസ്തുക്കൾ നൽകുന്നത്. എഫ്.സി.ഐ ഉന്നതാധികാരികളാണ് ഇതിന് ഇത്തരവാദികൾ.
ചാക്ക് വ്യവസായത്തിലൂടെ കോടികളുടെ കമീഷനാണ് ഇക്കൂട്ടർ കൈപ്പറ്റുന്നത്. ഭക്ഷണം അവകാശമായി പ്രഖ്യാപിക്കെപ്പട്ട നാട്ടിൽ ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയാണ് ഭക്ഷ്യധാന്യങ്ങൾ നശിപ്പിക്കുന്നവർക്ക് നൽകേണ്ടത്. ട്രെയിൻ വാഗണിൽനിന്ന് നേരിട്ട് വിതരണ ട്രക്കുകളിലേക്ക് ലോഡ് കയറ്റുകയാണ് നിലവിൽ നടക്കുന്നത്. അതിനാൽ തന്നെ മുളങ്കുന്നത്തുകാവിലെ ജീവനക്കാരെ ഇതിൽ കുറ്റം പറയാനാവില്ല. സപ്ലൈകോയും റേഷൻകടക്കാരുമാണ് ഇതിെൻറ ധനനഷ്ടം സഹിക്കേണ്ടത്.
കേരളത്തിലേക്ക് മാത്രമേ ഇത്രയേറേ മോശം ചാക്കുകളിൽ ഭക്ഷ്യധാന്യം നൽകുന്നുള്ളൂ. മറ്റ് സംസ്ഥാനങ്ങളിലേക്കെല്ലാം നല്ല ചാക്കുകളിലാണ് നൽകുന്നത്. ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമാക്കുന്നവർക്കെതിരെ ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള പരമാവധി ശിക്ഷ നൽകണമെന്നാണ് ആവശ്യം. കോവിഡ് കാലത്ത് ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ മുൻകൈയെടുക്കേണ്ട മേലുദ്യോഗസ്ഥരുടെ അനാസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനും തയാറെടുക്കുകയാണ് ജനം.
അതേസമയം, എഫ്.സി.ഐ സംഭരണശാലയിൽനിന്ന് കീറച്ചാക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ എൻ.എഫ്.എസ്.എ ഗോഡൗണിനെ ഒഴിവാക്കി റേഷൻ കടകളിലേക്ക് നേരിട്ട് വിതരണം നടത്തിയതായും ആരോപണമുണ്ട്. ഞായറാഴ്ച തൃശൂർ താലൂക്കിലെ 30ൽ താഴെ റേഷൻ കടകളിലേക്ക് വിതരണം നടത്തിയെന്നാണ് ആരോപണം. എന്നാൽ, ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ല സപ്ലൈ ഓഫിസർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.