തിരുവനന്തപുരം: സർക്കാർ രേഖകളും വിവരങ്ങളും സ്വമേധയാ വെളിപ്പെടുത്തണമെന്ന വിവരാവകാശ നിയമത്തിലെ നാലാം വകുപ്പ് നടപ്പാക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്താകെ വിവരാവകാശ പ്രവർത്തകരുടെ കൂട്ടായ്മ.
14 ജില്ലകളിൽനിന്നായി 15,000ത്തോളം പേർ അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് പ്രചാരണം.
നാലു മാസത്തിനകം നാലാം വകുപ്പ് നടപ്പാക്കണമെന്ന് 2005ൽ നിലവിൽവന്ന നിയമം നിഷ്കർഷിച്ചിരുന്നു. എന്നാൽ, 18 വർഷമായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇതിൽ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെ വിധി.
എല്ലാ പൊതുഅധികാരികളും സർക്കാർ ഓഫിസുകളും അവരവരുടെ കൈവശമുള്ള മുഴുവൻ രേഖയും ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ച് ഏതൊരാൾക്കും എപ്പോഴും എവിടെനിന്നും ലഭ്യമാകുന്ന രീതിയിൽ പകര്പ്പവകാശമില്ലാതെ പ്രസിദ്ധീകരിക്കണമെന്നാണ് ഈ വകുപ്പിന്റെ ഉള്ളടക്കം.
വിവരാവകാശ നിയമം മൂന്നാം വകുപ്പ് പ്രകാരം വിവരം ലഭിക്കൽ എല്ലാ ഇന്ത്യൻ പൗരന്മാരുടെയും അവകാശമാണ്.
ഇതു പൂർണാർഥത്തിൽ നടപ്പാക്കണമെങ്കിൽ നാലാം വകുപ്പ് നിലവിൽ വരണമെന്ന് വിധിയിൽ പറയുന്നു. അടുത്തിടെ പാർലമെന്റ് പാസാക്കിയ ഡേറ്റ പ്രൊട്ടക്ഷൻ ബില്ലിലൂടെ വിവരാവകാശ നിയമത്തിന്റെ ചിറകരിഞ്ഞെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി വിധി. ‘സ്വകാര്യം’എന്ന പേരിൽ വിവരങ്ങൾ ലഭ്യമാക്കാതിരിക്കാൻ അധികാരികളെ സഹായിക്കുന്നതാണ് ഡേറ്റ പ്രൊട്ടക്ഷൻ ബിൽ.
സുപ്രീംകോടതി വിധി പൂർണാർഥത്തിൽ നടപ്പാക്കണമെന്നാണ് ദേശീയ വിവരാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള പ്രചാരണം.
സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ചീഫ് സെക്രട്ടറിക്കും മുഖ്യവിവരാവകാശ കമീഷണർക്കും കത്തുനൽകി.
ആദ്യഘട്ടമായി കേരളത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ഇതിനു വിവരാവകാശ അപേക്ഷ നൽകും.
ആവശ്യമായ പരിശീലനവും അപേക്ഷയുടെ രൂപവും നൽകേണ്ട വിലാസവും ലഭ്യമാക്കിയാകും പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.