കോട്ടയം: വിലയിടിവിനെത്തുടർന്ന് കർഷകരും കാർഷികമേഖലയും കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിൽ കാര്ഷികോൽപന്നങ്ങളുടെ താങ്ങുവില ഉയര്‍ത്താനുള്ള നടപടികൾ അടുത്ത സംസ്ഥാന ബജറ്റിൽ ഉണ്ടാകുമെന്ന് സൂചന. വിവിധയിനങ്ങൾക്ക് സർക്കാർ നേരത്തേ താങ്ങുവില പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ഇടതുമുന്നണിക്കുണ്ടായ രാഷ്ട്രീയനേട്ടം നിയമസഭ തെരഞ്ഞെടുപ്പിലും വോട്ടാക്കിമാറ്റുകയെന്ന ലക്ഷ്യവും ഉയർന്ന താങ്ങുവില പ്രഖ്യാപനത്തിന് പിന്നിലുണ്ട്.
റബറിനും നെല്ലിനും നാളികേരത്തിനും അടിയന്തരമായി താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷക സംഘടനകളും ഇതേ നിലപാടിലാണ്.
സംസ്ഥാന യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ എത്തിയപ്പോൾ കർഷകസംഘടനകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ഇതായിരുന്നു. ഈ സാഹചര്യത്തിലാണ് ബജറ്റിൽ കാർഷിക മേഖലക്ക് ഊന്നൽ നൽകുന്ന നിർദേശങ്ങൾ ഉണ്ടാവുമെന്ന സൂചന പുറത്തുവരുന്നത്. ഇപ്പോൾ റബർവില 150നുമുകളിലാണ്.
വില കൂടിയും കുറഞ്ഞുമിരിക്കുന്ന അവസ്ഥയുമുണ്ട്. റബർ കിലോക്ക് 150 രൂപ ഉറപ്പുവരുത്തുന്ന വിലസ്ഥിരത പദ്ധതി നിലവിലുണ്ടെങ്കിലും ഏറ്റക്കുറച്ചിൽ കർഷകരെ വലക്കുകയാണ്. അതിനാൽ വിലസ്ഥിരത ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾ ബജറ്റിൽ വേണമെന്ന നിർദേശമാണ് കേരള കോൺഗ്രസ് മുന്നോട്ടുവെച്ചത്. ഇൻഫാം അടക്കം കർഷക സംഘടനകളും ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. റബറിന് പുറമെ റബറധിഷ്ഠിത ചെറുകിട വ്യവസായ യൂനിറ്റുകൾക്കും ബജറ്റിൽ ഉൗന്നൽ നൽകും.
റബർ ഉൽപന്നങ്ങൾക്ക് കൂടുതൽ ആനുകൂല്യം ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റബർ ബോർഡും. നിരവധി നിർദേശങ്ങൾ ബോർഡും സമർപ്പിച്ചിട്ടുണ്ട്. പച്ചക്കറി സംഭരണത്തിനും കയറ്റുമതിക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ചെറുകിടകൃഷിക്കാരെ സംരക്ഷിക്കാനുള്ള പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചേക്കും. ഇതുസംബന്ധിച്ച് വിവിധ സംഘടനകളൂം കൃഷി വകുപ്പും ധനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.