കോഴിക്കോട്: എൽ.ഡി.എഫ് ജയിക്കുന്ന രണ്ട് രാജ്യസഭ സീറ്റുകൾ സി.പി.ഐക്കും കേരള കോൺഗ്രസ് (എം)നും നൽകിയതോടെ മുന്നണിയിലെ അവഗണന ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി. മന്ത്രി പദവി, ബോർഡ് -ചെയർമാൻ സ്ഥാനങ്ങൾ, രാജ്യസഭ എം.പി സ്ഥാനം എന്നിവയിലെല്ലാം തങ്ങളെ അവഗണിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിരന്തരമുള്ള അവഗണനയിൽ പാർട്ടി പ്രവർത്തകരാകെ നിരാശയിലാണ്. മുന്നണി യോഗത്തിൽ പറഞ്ഞിട്ട് പരിഹാരമില്ലാത്തതിനാലാണ് പരസ്യമായി പറയുന്നത്. ഇത് മുന്നണിക്കുള്ള മുന്നറിയിപ്പും ഭീഷണിയുമായി കാണേണ്ടതില്ല. യു.ഡി.എഫിൽനിന്നടക്കം ക്ഷണം ലഭിച്ചെങ്കിലും എൽ.ഡി.എഫിൽ ഉറച്ചുനിൽക്കും. മുന്നണിമാറ്റം അജണ്ടയിലില്ലെന്നും മന്ത്രിസ്ഥാനമടക്കം അർഹമായത് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
വാതിലിൽ മുട്ടിയോ വലിഞ്ഞുകേറിയോ അല്ല, ക്ഷണിച്ചിട്ടാണ് രാജ്യസഭ എം.പി സ്ഥാനമുണ്ടായിരുന്ന പാർട്ടി എൽ.ഡി.എഫിലെത്തിയത്. ഒഴിവുള്ള രണ്ട് രാജ്യസഭ സീറ്റിൽ സി.പി.എം വിട്ടുവീഴ്ചചെയ്ത് അവരുടെ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകി. എന്നാൽ, അത്തരത്തിലൊരു മര്യാദ കാണിച്ച് ആർ.ജെ.ഡിക്ക് സീറ്റ് നൽകാൻ സി.പി.ഐ തയാറായില്ല. കേരള കോൺഗ്രസ് എമ്മിനായി മാത്രം വിട്ടുവീഴ്ച ചെയ്താൽ മുന്നണിയിൽ കെട്ടുറപ്പുണ്ടാകില്ല.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഒരോ എം.എൽ.എമാർ മാത്രമുള്ള പാർട്ടികൾക്കെല്ലാം ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകിയപ്പോഴും പാർട്ടിയെ അവഗണിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ എണ്ണം നോക്കിയാൽ എൽ.ഡി.എഫിലെ നാലാമത്തെ കക്ഷിയാണ് ആർ.ജെ.ഡി. ജെ.ഡി.എസിന് അറുപതിൽപരം ബോർഡ് -ചെയർമാൻ സ്ഥാനങ്ങൾ നൽകിയപ്പോൾ തങ്ങൾക്ക് ആറെണ്ണമാണ് അനുവദിച്ചത്. ജെ.ഡി.എസ് കേരളത്തിൽ എൽ.ഡി.എഫിനൊപ്പവും കേന്ദ്രത്തിൽ എൻ.ഡി.എക്കൊപ്പവുമാണ്.
നേതാക്കളായ വി. കുഞ്ഞാലി, പി. കിഷൻചന്ദ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.