കോട്ടയം: കാത്തുകാത്തിരുന്ന് തുടങ്ങിയ ജില്ല ആശുപത്രി വളപ്പിലെ റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു. 44 മീറ്റർ റോഡ് മാത്രമാണ് കോൺക്രീറ്റ് ഇട്ടത്. ബാക്കി ഭാഗത്ത് വലിയ കുഴികളാണ് അവശേഷിക്കുന്നത്. കുഴികളിൽ കയറിയിറങ്ങുമ്പോൾ വാഹനത്തിന്റെ അടിഭാഗം തട്ടും. വലിയ കല്ലുകൾ ഉള്ളതിനാൽ നടന്നുപോലും പോകാനാവില്ല ഇതുവഴി. ജനുവരി ആദ്യമാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
റോഡിൽനിന്ന് കയറുന്ന ഭാഗത്തെ 16 മീറ്റർ കോൺക്രീറ്റ് ചെയ്യാനും ബാക്കി ടാറിടാനും ഇന്റർലോക് ചെയ്യാനുമാണ് ആദ്യം എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. എന്നാൽ, ഇറക്കമായതിനാൽ മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചുവരുമെന്ന് കണ്ടതോടെ ഇന്റർലോക് ഒഴിവാക്കി 44 മീറ്റർ കോൺക്രീറ്റ് ചെയ്യാനും ബാക്കി ടാറിടാനും ധാരണയായി. ഇനി ടാറിങ്ങിനായി പ്രത്യേകം അപേക്ഷ നൽകണം. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും അനക്കമില്ല.
റോഡിന്റെ പകുതിയിലേറെ തകർന്നുകിടക്കുന്നതിനാൽ ചെറിയ ഭാഗം കോൺക്രീറ്റ് ചെയ്തതുകൊണ്ട് പ്രയോജനമില്ല. ഇങ്ങനെ കിടന്നാൽ കോൺക്രീറ്റ് ചെയ്ത ഭാഗം കൂടി ഉടൻ തകർന്ന് പൂർവസ്ഥിതിയിലാകും. വളവും കുത്തനെ ഇറക്കവുമായതിനാൽ സംരക്ഷണഭിത്തിയില്ലാതെ റോഡ് നിൽക്കില്ല. മോർച്ചറി, എൻ.എച്ച്.എം ഓഫിസ്, ഇൻസിനറേറ്റർ, മോർച്ചറി തുടങ്ങിയിടങ്ങളിലേക്കുള്ള റോഡാണിത്. ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചാണ് പണി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.