മാധ്യമങ്ങളില്‍നിന്ന് സാമൂഹിക ഉത്തരവാദിത്തം കൂടി പ്രതീക്ഷിക്കുന്നു –ഗവര്‍ണര്‍

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ മാധ്യമങ്ങളില്‍നിന്ന് സാമൂഹികമായ ഉത്തരവാദിത്തം കൂടി പ്രതീക്ഷിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം.  ‘മീഡിയവണ്‍’ ചാനല്‍ ഇറാം മോട്ടോഴ്സുമായി നടത്തുന്ന ‘ശുഭയാത്ര’ റോഡ് സുരക്ഷാ കാമ്പയിന്‍െറ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന മാധ്യമസാന്ദ്രത ജനങ്ങളില്‍ സാമൂഹിക അവബോധം വളര്‍ത്തിയിട്ടുണ്ട്.   പ്രേക്ഷകരോടുള്ള സാമൂഹിക ഉത്തരവാദിത്തമാണ് റോഡ് സുരക്ഷാ കാമ്പയിനിലൂടെ മീഡിയവണ്‍ നിര്‍വഹിക്കുന്നത്. റോഡ് സുരക്ഷ സംബന്ധിച്ച് തുടര്‍ച്ചയായ ബോധവത്കരണം വേണം. മീഡിയവണ്‍ കാമ്പയിന്‍ ഈ ലക്ഷ്യം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ റോഡപകടങ്ങളുടെ നിരക്ക് വര്‍ധിക്കുന്നത് ആശങ്കജനകമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 2.76 ശതമാനമാണ് കേരളത്തില്‍. 

എന്നാല്‍, വാഹനാപകടങ്ങളുടെ കാര്യത്തില്‍ 8.4 ശതമാനവും. കുടുംബം പോറ്റുന്നവര്‍ അപകടത്തില്‍ പെടുന്നതോടെ കുടുംബംതന്നെ പട്ടിണിയിലാകുന്നു. പ്രതിദിനം 1300 പുതിയ വാഹനങ്ങളാണ് കേരളത്തിലിറങ്ങുന്നത്. ഒരു ചതുരശ്ര കിലോമീറ്ററിന്  10,358 വാഹനങ്ങള്‍ എന്നതാണ് വാഹന സാന്ദ്രത. ഒരു ലക്ഷം പേര്‍ക്ക് 12,641 വാഹനങ്ങളുണ്ട്. ഇതു ദേശീയ ശരാശരിയുടെ എത്രയോ മടങ്ങാണ്. കഴിഞ്ഞ വര്‍ഷം ഇവിടെ വാഹനാപകടങ്ങളില്‍ മരിച്ച 4287 പേര്‍ എന്നത് ഇതുവരെയുള്ള ഉയര്‍ന്ന എണ്ണമാണ്. കഴിഞ്ഞ വര്‍ഷത്തെ 39,420 വാഹനാപകടങ്ങള്‍ എന്നത് എട്ട് വര്‍ഷത്തിനിടെയുള്ള ഉയര്‍ന്നതും. അപകട മരണങ്ങളില്‍  35 ശതമാനവും  ആദ്യ ഒന്നു മുതല്‍ രണ്ടു മണിക്കൂറുകളിലാണ് സംഭവിക്കുന്നത്.  അപകടങ്ങളിലെ ജീവിക്കുന്ന ഇരകളുമായുള്ള ആശയവിനിമയം മീഡിയവണ്‍ കാമ്പയിന്‍െറ പ്രധാന സവിശേഷതയാണ്. അപകടത്തില്‍പെട്ടയാള്‍ക്ക് ചികിത്സ ലഭ്യമാക്കിയ ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് പോകേണ്ടതുള്ളൂ എന്ന സുപ്രീംകോടതി വിധിയെപ്പറ്റി പലര്‍ക്കും അറിവില്ല. അതുകൊണ്ട് അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പലരും തയാറാകുന്നില്ല. 

റോഡ് സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കല്‍, ഡ്രൈവിങ് സമയത്ത് മൊബൈല്‍ ഫോണ്‍, ഹെഡ്ഫോണ്‍ എന്നിവയുടെ ഉപയോഗം സംബന്ധിച്ച് ബോധവത്കരണം ഇനിയും അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ രാജീവ് പുത്തലത്ത്, നാട്പാക് ഡയറക്ടര്‍ ഡോ.ബി.ജി. ശ്രീദേവി, ഇറാം മോട്ടോഴ്സ് ഡയറക്ടര്‍ സി.പി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.  ‘മീഡിയവണ്‍’ സി.ഇ.ഒ എം. അബ്ദുല്‍ മജീദ് സ്വാഗതവും എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് നന്ദിയും പറഞ്ഞു. ഇറാം മോട്ടോഴ്സ്, നാട്പാക്, മോട്ടോര്‍ വാഹനവകുപ്പ്, ട്രാഫിക് പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

Tags:    
News Summary - road safety campaign from mediaone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.