ആലപ്പുഴ: സ്വന്തം റിസോർട്ടിലേക്കുള്ള റോഡ് സംബന്ധിച്ച വിവാദം ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ തിരിഞ്ഞ് കുത്തുന്നു. ലൈംഗിക ആരോപണത്തെ തുടർന്ന് എൻ.സി.പിയിലെ എ.കെ. ശശീന്ദ്രൻ രാജിവെച്ചതിനെ തുടർന്ന് പിണറായി മന്ത്രിസഭയിൽ മന്ത്രിയായി സ്ഥാനമേറ്റ് അധികം വൈകുംമുമ്പാണ് തോമസ് ചാണ്ടിക്കെതിരെ ആക്ഷേപം ഉയർന്നത്.
സംസ്ഥാന പ്രസിഡൻറായിരുന്ന ഉഴവൂർ വിജയെൻറ ആകസ്മിക നിര്യാണം പാർട്ടിയിൽ പൊട്ടിത്തെറികൾ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് പുതിയ ആരോപണം. റിസോർട്ടിന് മുന്നിലൂടെയുള്ള റോഡ് ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് ടാർ ചെയ്ത സംഭവം വിവാദമായിരിക്കെ റോഡ് നിർമാണം സംബന്ധിച്ചും ആക്ഷേപം ശക്തമായി. പ്രഫ. പി.ജെ. കുര്യൻ, കെ.ഇ. ഇസ്മായിൽ എന്നിവരുടെ എം.പി ഫണ്ടുപയോഗിച്ച് പാടം നികത്തി റോഡ് നിര്‍മിച്ചത്. എം.എൽ.എ ഫണ്ടിൽനിന്ന് ജി. സുധാകരൻ പണം അനുവദിക്കാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു തോമസ് ചാണ്ടി എം.പിമാരെ സമീപിച്ചത്.
വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡിൽ റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്ററാണ് ടാറിങ് ചെയ്തത്. നെഹ്റു ട്രോഫി വള്ളംകളി മുൻനിർത്തി വി.െഎ.പികളെയും അതിഥികളെയും പരിഗണിച്ചാണ് പാലസ് റിസോർട്ടിലേക്കുള്ള റോഡിന് പൊതുഫണ്ടിൽനിന്ന് പണം ചെലവഴിച്ചത്. ലേക്ക് പാലസ് റിസോര്ട്ടിെൻറ ഗേറ്റിന് മുന്നില്‍ ടാറിങ് അവസാനിപ്പിച്ച് 982 മീറ്റർ നീളമുള്ള റോഡിൽ 410 മീറ്റര്‍ മാത്രം വരുന്നഭാഗം വരെ ടാർ ചെയ്തതിനാൽ പൊതുജനത്തിന് വേണ്ടിയാണ് ഇതെന്ന് പറയാൻ കഴിയില്ല.
എം.പി ഫണ്ടിൽനിന്നുള്ള റോഡ് നിർമാണം ഗുണഭോക്തൃ സമിതിയുടെ അറിവോടെയാകണമെന്ന സർക്കാർ നിർദേശവും ലംഘിക്കപ്പെട്ടു. സമിതിയോഗം നടന്നതായി വാർഡ് കൗൺസിലർക്ക് പോലും അറിവില്ല. ജനപ്രതിനിധിക്ക് പകരം കൺവീനറായത് റിസോർട്ട് ജീവനക്കാരനാണെന്നതും ചട്ടലംഘനമാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തുക വഴി മന്ത്രി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
കോൺഗ്രസിെൻറയും സി.പി.െഎയുടെയും എം.പിമാരാണ് ഫണ്ട് നൽകിയത് എന്നതിനാൽ ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഇക്കാര്യത്തിൽ വലിയ താൽപര്യം കാണിക്കുന്നില്ല. അതേസമയം സി.പി.എം കേന്ദ്രങ്ങളിൽ തോമസ്ചാണ്ടിയുടെ നീക്കത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് ഇക്കാര്യത്തിൽ എതിരഭിപ്രായമുള്ളതായാണ് സൂചന. ഹാർബർ എൻജിനീയറിങ്ങ് വകുപ്പിെൻറ ചുമതല മേഴ്സിക്കുട്ടിയമ്മക്കായതിനാൽ സി.പി.എമ്മിന് നിലവിൽ ഉയർന്ന ആക്ഷേപത്തിൽനിന്ന് അത്ര എളുപ്പം കൈകഴുകാൻ കഴിയുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.