കോഴിക്കോട്: എം. ടി. വാസുദേവൻ നായരുടെ 'സിതാര' എന്ന വീട്ടിൽ മോഷണം നടത്തിയവരെ കേസെടുത്ത് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി നടക്കാവ് പൊലീസ്. കരുവശ്ശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷും ടൗൺ അസിസ്റ്റൻറ് കമീഷണർ ടി.കെ അഷ്റഫ്ന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്.
അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഇരുപത്താറ് പവൻ സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി പതിനഞ്ച് ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.
എം.ടിയുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നോർത്ത് സോൺ ഇൻസ്പെക്ടർ ജനറൽ കെ. സേതുരാമൻ ഐ.പി.എസിനെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
ടൗൺ അസിസ്റ്റന്റ് കമീഷണർ ടി.കെ അഷറഫിനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല.
കേസ് രജിസ്റ്റർ ചെയ്ത ഉടനെ കേരള പൊലീസിന്റെ ശാസ്ത്രീയ അന്വേഷണ വിഭാഗമായ ഫിങ്കർപ്രിന്റ്, സയിന്‍റിഫിക് എക്സ്പെർട് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് നോർത്ത് സോൺ ഐ.ജി കെ. സേതുരാമൻ ഐ.പി.എസ്, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഐ.പി.എസ് എന്നിവർ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി.
വീടിന്റെ ലോക്ക് പൊട്ടിക്കുകയോ ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോകുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യവും അലമാര താക്കോൽ ഉപയോഗിച്ച് തുറന്നതും മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളാകാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചു. കഴിഞ്ഞ ഒരുവർഷത്തിനിടെ പലപ്പോഴായി സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ടെങ്കിലും വീട്ടുകാർ ഗൗനിച്ചിരുന്നില്ല. കഴിഞ്ഞ മാസം മുപ്പതിന് മകൾ ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വജ്ര മരതക ആഭരണങ്ങളും മോഷണം പോയെന്ന് മനസിലായത്.
പ്രാഥമിക ഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടവരേയും രഹസ്യ നിരീക്ഷണം നടത്തേണ്ടവരുടേയും പ്രത്യേകം ലിസ്റ്റ് തയ്യാറാക്കി സിറ്റി ക്രൈം സ്ക്വാഡ് ടൗൺ അസിസ്റ്റന്റ് കമീഷണർ ടി.കെ. അഷ്റഫിന് നൽകി. തുടർന്ന് ചെമ്മങ്ങാട് ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ ഒരു സംഘം ജില്ലക്ക് പുറത്തുള്ളവരെ കണ്ടെത്തി അന്വേഷണം നടത്തുന്നതിനും ഇൻസ്പെക്ടർ എൻ. പ്രജീഷിന്‍റെ നേതൃത്വത്തിൽ എം.ടി.യുടെ വീടുമായി ബന്ധപ്പെടുന്ന പൊലീസിന് സംശയമുള്ളവരെ കണ്ടെത്തി അന്വേഷണം നടത്തുന്നതിനുമായി നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.