തിരുവനന്തപുരം: രാഷ്ട്രീയക്കാർ ഭൂതകാലത്തെ കെട്ടുകഥകളാക്കിയും പുരാണവത്കരിച്ചും സാധുത തേടുകയാണെന്ന് പ്രമുഖ ചരിത്രപണ്ഡിത പ്രഫ. റൊമിലാ ഥാപ്പർ.
കേരള ഹിസ്റ്ററി കോൺഗ്രസ് സംഘടിപ്പിച്ച 'മീറ്റ് ദ ഹിസ്റ്റോറിയൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ചരിത്രകാരന്മാരല്ലാത്തവർക്ക് ഭൂതകാലം കൊണ്ട് പല ലക്ഷ്യങ്ങളുമുണ്ട്. പാരമ്പര്യങ്ങളെന്ന പേരിൽ അവതരിപ്പിക്കുന്ന പല കാര്യങ്ങളും പുതുതായി കണ്ടുപിടിക്കപ്പെട്ടവയാണ്. ഭൂതകാലത്തെക്കുറിച്ച കെട്ടുകഥകൾ ചരിത്രമല്ല.
വിശ്വാസയോഗ്യമായ തെളിവുകളുണ്ടെങ്കിലേ അവ ചരിത്രമാകൂ. ഹിന്ദുക്കളും മുസ്ലിംകളും വ്യത്യസ്ത ദേശീയതകളാണെന്ന ബ്രിട്ടീഷ് കാഴ്ചപ്പാടിൽനിന്നാണ് ഹിന്ദുരാഷ്ട്രം എന്ന ആശയം ഉയർന്നുവന്നതെന്നും റൊമിലാ ഥാപ്പർ അഭിപ്രായപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ അധ്യക്ഷതവഹിച്ചു. റൊമിലാ ഥാപ്പറുടെ കൃതിയുടെ മലയാള തർജമയായ 'ചരിത്രം പറയുമ്പോൾ' ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. കാർത്തികേയൻ നായർ പ്രഫ. കേശവൻ വെളുത്താട്ടിന് നൽകി പ്രകാശനം ചെയ്തു.
കേരള ഹിസ്റ്റി കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ ജോസഫ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.