പാലക്കാട്: പുരപ്പുറ സൗരോർജ പദ്ധതികൾ കെ.എസ്.ഇ.ബിക്ക് വരുത്തുന്നത് വൻ നഷ്ടം. വൈദ്യുതികരാറുകൾ ഇല്ലാതായതോടെ വൻ വിലക്ക് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതും ഗാർഹിക ഉപഭോക്താക്കളിൽ ഏറെപ്പേർ സൗരോർജ പദ്ധതികളിലെത്തിയതുമാണ് നഷ്ടം വീണ്ടും ചർച്ചയാകുന്നത്. ഉയർന്ന സ്ലാബിൽ നിരക്ക് അടക്കുന്നവരിൽ നല്ലൊരു ഭാഗം സൗരോർജ പ്ലാന്റ് സ്ഥാപിച്ച് വരികയാണ്. ഇത് കെ.എസ്.ഇ.ബി വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല, പകൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർ വൈകുന്നേരങ്ങളിലെ വൈദ്യുതി കാര്യക്ഷമമല്ലാതെ ഉപയോഗിക്കുന്നെന്ന പരാതി കൂടിയായതോടെ ഇപ്പോഴത്തെ സൗരോർജ ബില്ലിങ് രീതികൾ കാര്യക്ഷമമായി പുതുക്കണമെന്ന ആവശ്യം കെ.എസ്.ഇ.ബിക്കകത്ത് ശക്തമാണ്.
പകൽ സൗരോർജ യൂനിറ്റുകളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി, ഉപയോഗശേഷം വൈദ്യുതി ഗ്രിഡിലേക്കാണ് നൽകുന്നത്. ഇത് ആകെ ഉപഭോഗത്തിൽ നിന്ന് കുറച്ച ശേഷമാണ് ഉപഭോക്താവിന് ബിൽ ചെയ്യുന്നത്. അതായത് പകൽ ഉൽപാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകിയ വൈദ്യുതിക്ക് തുല്യമായി രാത്രി ഉപയോഗിച്ചാൽ ഉപഭോക്താവ് യൂനിറ്റ് നിരക്കിൽ ബില്ല് നൽകേണ്ടതില്ല.
രാത്രി സമയങ്ങളിലെ ക്ഷാമം മറികടക്കാൻ പവർ എക്ചേഞ്ചിൽ നിന്ന് യൂനിറ്റിന് ഒമ്പത് രൂപയോളം നൽകിയാണ് അധിക വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങുന്നത്. ഇത്തരത്തിൽ കൂടിയ തുകക്ക് വാങ്ങിയ വൈദ്യുതിയാണ് സൗരോർജ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക്, പകൽ ഗ്രിഡിലേക്ക് നൽകിയ വൈദ്യുതിക്ക് തുല്യമായി രാത്രി നൽകുന്നത്.
സൗരോർജ പ്ലാന്റിൽ നിന്ന് ഉൽപാദിപ്പിച്ച വൈദ്യുതി, ആകെ ഉപയോഗിച്ചതിനേക്കാൾ കൂടുതലാണെങ്കിൽ യൂനിറ്റിന് 2.69 രൂപ നിരക്കിൽ കെ.എസ്.ഇ.ബി നൽകുന്നുണ്ട്. ഈ തുക കുറവായതിനാൽ അധികവൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാതെ, ഉൽപാദിപ്പിച്ച വൈദ്യുതിക്ക് തുല്യമായി ഉപയോഗിക്കുന്ന ഉപഭോക്താക്കളും കുറവല്ല.
സൗരോർജ ഉൽപാദകരെ മുഴുവനായി രാത്രി സമയത്തെ വൈദ്യുതിക്ക് കൂടുതൽ വില ഈടാക്കുന്ന ടി.ഒ.ഡി ബില്ലിങ് രീതിയിലേക്ക് കൊണ്ടുവരികയോ, നെറ്റ് മീറ്ററിങ് ബില്ലിങ്ങിന് പകരം ഗ്രോസ് മീറ്ററിങ് ബില്ലിങ് കൊണ്ടുവരികയോ വേണമെന്ന ചർച്ച കെ.എസ്.ഇ.ബിക്കകത്ത് സജീവമാണ്.
ഉപഭോക്താവ് ഉൽപാദിപ്പിച്ച വൈദ്യുതിക്ക് ഒരു നിരക്കും ഉപയോഗിക്കുന്ന വൈദ്യുതിക്ക് വേറൊരു നിരക്കും ഈടാക്കുന്നതാണ് ഗ്രോസ് മീറ്ററിങ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ സാധാരണ നിരക്കും വൈകീട്ട് ആറ് മുതൽ രാത്രി 10 വരെ കൂടിയ നിരക്കുമാണ് ടി.ഒ.ഡി (ടൈം ഓഫ് ഡേ) ബില്ലിങ്ങിൽ. രാത്രി 10 മുതൽ രാവിലെ ആറ് വരെ കുറഞ്ഞ നിരക്കുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.