മാനന്തവാടി: പൊലീസ് കസ്റ്റഡിയിൽ വെടിയേറ്റ് മരിച്ച നക്സൽ നേതാവ് എ. വർഗീസിന് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയായ 50 ലക്ഷം രൂപ ആരുമറിയാതെ കൈമാറിയതിൽ നീരസം പ്രകടിപ്പിച്ച് കുടുംബം. സഹോദരങ്ങളായ നാലു പേർക്കാണ് ബാങ്ക് അക്കൗണ്ട് വഴി തുക നൽകിയത്. ഇവരുടെ വെള്ളമുണ്ടയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക എത്തിയത്.
ബാങ്കിൽനിന്ന് വിളിച്ചറിയിച്ചപ്പോൾ മാത്രമാണ് പണം എത്തിയ വിവരം കുടുംബം അറിയുന്നത്. നഷ്ടപരിഹാരത്തുക കൈമാറിയ രീതി ശരിയായില്ലെന്ന് വർഗീസിെൻറ സഹോദരപുത്രൻ അഡ്വ. എ. വർഗീസ് പറഞ്ഞു. ഭരണകൂടങ്ങളുടെ പീഡനങ്ങൾക്ക് ഇരകളാവുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുക എന്നത് അവകാശമാണെന്ന് ഓർമപ്പെടുത്തുന്നതാണ് നഷ്ടപരിഹാരം നൽകിയതിലൂടെ ഉണ്ടായിരിക്കുന്നത്.
ഇത് പൊതുസമൂഹത്തെ അറിയിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. എന്നാൽ സർക്കാർ ഒളിച്ചുകളി നടത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 51 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറായത്. തുക വർഗീസിെൻറ ഓർമകൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താനാണ് സഹോദരങ്ങളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.