കാസർകോട്: ഒാരോ നിയമസഭ തെരഞ്ഞെടുപ്പിലും ഉദുമയിൽ ഒരു പഴയ ചരിത്രം ഒാർമിക്കപ്പെടും. കേരളത്തിൽ ഒരേയൊരു മണ്ഡലത്തിൽ മാത്രമാണ് ഇങ്ങനെയൊരു കനലെരിച്ചിൽ. ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കർ തുറന്നുവിട്ട സി.പി.എം- ബി.ജെ.പി ഡീൽ സംബന്ധിച്ച ആരോപണം ഉദുമയിലും ചെന്നിടിച്ചിരിക്കുകയാണ്. 1977ൽ കെ.ജി. മാരാർ എന്ന ഒന്നാം നമ്പർ ആർ.എസ്.എസുകാരൻ ഉദുമയിൽ സി.പി.എമ്മിെൻറ കൂടി സ്ഥാനാർഥിയായിരുന്നുവെന്നതായിരുന്നു കാരണം. ജനതാ പാർട്ടിക്കുവേണ്ടി അത് പരസ്യമായ ഡീൽ ആയിരുന്നു. ഇന്നത്തെ മുഖ്യമന്ത്രിയും അന്ന് കണ്ണൂർ ജില്ല സെക്രേട്ടറിയറ്റംഗവുമായ പിണറായി വിജയൻ കെ.ജി. മാരാറുടെ ചീഫ് ഏജൻറായിരുന്നുവെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ് ആരോപിച്ചിരിക്കുകയാണ്.
ആർ.എസ്.എസിനെയും സി.പി.എമ്മിനെയും ഒന്നിപ്പിച്ച ഘടകം അടിയന്തരാവസ്ഥയായിരുന്നു. ജനസംഘം, ആർ.എസ്.എസ്, സി.പി.എം, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, സംഘടന കോൺഗ്രസ്, ഭാരതീയ ലോക്ദൾ എന്നിവയെല്ലാം. സി.പി.എം ഒഴികെയുള്ള എല്ലാവരും ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒറ്റമൂലിയായിരുന്നു ജനതാ പാർട്ടിയെന്നത്. കേരളത്തിൽ സി.പി.െഎയും കോൺഗ്രസും ഉൾപ്പെട്ട സി. അച്യുതമേനോെൻറ സർക്കാറായിരുന്നു ഭരിച്ചിരുന്നത്. അടിയന്തരാവസ്ഥ അവസാനിച്ച് തുടർന്ന് ലോക്സഭയിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ആർ.എസ്.എസിെൻറ ജനസംഘം ഉൾപ്പെട്ട ജനതാ പാർട്ടിയും സഖ്യത്തിലായി. ഇൗ സഖ്യത്തിൽ ജനതാ പാർട്ടിയിലെ ജനസംഘം ഘടകത്തിനു നൽകിയ സീറ്റായിരുന്നു ഉദുമ. മത്സരിച്ചത്് കെ.ജി. മാരാറായിരുന്നു.
കണ്ണൂർ ജില്ലയിൽ ആദ്യത്തെ ആർ.എസ്.എസ് ശാഖ 1956ൽ പയ്യന്നൂരിൽ സ്ഥാപിച്ചത് മാരാറായിരുന്നു. ആർ.എസ്.എസിെൻറ രാഷ്ട്രീയ രൂപമായ ജനസംഘത്തിെൻറ പ്രവർത്തനങ്ങൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമിട്ടതും മാരാറായിരുന്നു. ജനസംഘം ഉൾപ്പെട്ട ജനതാ പാർട്ടിയുടെ കണ്ണൂർ ജില്ല പ്രസിഡൻറായിരുന്നു കെ.ജി. മാരാർ. ഇത്രയും സംഘബലമുള്ള നേതാവിന് മത്സരിക്കാനാണ് ഉദുമ സീറ്റ് സി.പി.എം നൽകിയത്. പ്രചാരണത്തിന് എത്തിയതും സി.പി.എം നേതാക്കൾ തന്നെ. തെരഞ്ഞെടുപ്പിൽ എൻ.കെ. ബാലകൃഷ്ണന് 31690 വോട്ടും മാരാർക്ക് 28145 വോട്ടും ലഭിച്ചു. 3545 വോട്ടിന് എൻ.കെ. ബാലകൃഷ്ണൻ വിജയിച്ചു. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജനതാ പാർട്ടിക്ക് ആറുസീറ്റ് ലഭിച്ചു. എന്നാൽ ഇൗ ബന്ധം, ഒാരോ നിയമസഭ തെരഞ്ഞെടുപ്പിലും ആർ.എസ്.എസ് ബന്ധം സംബന്ധിച്ച വിവാദങ്ങൾ ഉയരുേമ്പാഴും സി.പി.എമ്മിനെ വേട്ടയാടിക്കൊണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.